ഐപിഎൽ: സൺറൈസേഴ്സ് ഹൈദരാബാദിനെ തകർത്ത് കോൽത്തത്ത നൈറ്റ് റൈഡേഴ്സ്
Thursday, April 3, 2025 11:09 PM IST
കോൽക്കത്ത: ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ കോൽത്തത്ത നൈറ്റ് റൈഡേഴ്സിന് തകർപ്പൻ ജയം. 80 റൺസിനാണ് കോൽക്കത്ത വിജയിച്ചത്.
കോൽക്കത്ത ഉയർത്തിയ 201 റൺസ് പിന്തുടർന്ന സൺറൈസേഴ്സിന് 120 റൺസെടുക്കാനെ സാധിച്ചുള്ളു. 120 റൺസിൽ സൺറൈസേഴ്സ് ഓൾഔട്ടാകുകയായിരുന്നു. 33 റൺസെടുത്ത ഹെന്റിച്ച് ക്ലാസനാണ് സൺറൈസേഴ്സിന്റെ ടോപ് സ്കോറർ. കമിന്ദു മെൻഡിസ് 27 റൺസെടുത്തു.
മറ്റാർക്കും ഹൈദരാബാദ് ബാറ്റിംഗ് നിരയിൽ തിളങ്ങാനായില്ല. കോൽക്കത്തയ്ക്ക് വേണ്ടി മൂന്ന് വിക്കറ്റ് വീതമെടുത്ത വൈഭവ് അറോറയും വരുൺ ചക്രവർത്തിയുമാണ് ഹൈദരാബാദ് ബാറ്റിംഗ് നിരയെ തകർത്തത്. ആൻഡ്രെ റസൽ രണ്ടും ഹർഷിത് റാണയും സുനിൽ നരെയ്നും ഓരോ വിക്കറ്റും വീഴ്ത്തി.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത കോൽക്കത്ത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിലാണ് 200 റൺസ് എടുത്തത്.വെങ്കടേഷ് അയ്യരുടേയും അങ്ക്രിഷ് രഘുവംശിയുടേയും അർധ സെഞ്ചുറിയുടെ മികവിലാണ് കെകെആർ മികച്ച സ്കോറിൽ എത്തിയത്. വെങ്കടേഷ് 60 റൺസെടുത്തപ്പോൾ രഘുവംശി 50 റൺസാണ് സ്കോർ ചെയ്തത്.
നായകൻ അജിൻക്യ രഹാനെ 38 റൺസെടുത്തു. റിങ്കു സിംഗ് 32 റൺസുമായി പുറത്താകാതെ നിന്നു. സൺറൈസേഴ്സിന് വേണ്ടി മുഹമ്മദ് ഷമി, പാറ്റ് കമ്മിൻസ്, സീഷാൻ അൻസാരി, ഹർഷൽ പട്ടേൽ, കമിന്ദു മെൻഡിസ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
സീസണിലെ കോൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ രണ്ടാം ജയമാണിത്. നാല് മത്സരങ്ങളിൽ നിന്ന് നാല് പോയിന്റായ കോൽക്കത്ത പോയിന്റ് ടേബിളിൽ അഞ്ചാം സ്ഥാനത്തെത്തി.