കോഹ്ലിയുടെ പരിക്കിൽ ആശങ്ക വേണ്ട; അദ്ദേഹം സുഖമായിരിക്കുന്നു: ആൻഡി ഫ്ലവര്‍
Thursday, April 3, 2025 4:35 PM IST
ബംഗളൂരു: റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ സൂപ്പര്‍ താരം വിരാട് കോഹ്ലിയ്ക്ക് ഫീൽഡിംഗിനിടെയേറ്റ പരിക്കിൽ ആശങ്ക വേണ്ടെന്ന് ആർസിബി കോച്ച് ആൻഡി ഫ്ലവർ. കോഹ്ലിയുടെ പരിക്ക് ഗുരുതരമല്ലെന്നും അദ്ദേഹം സുഖമായിരിക്കുന്നുവെന്നും ആൻഡി ഫ്ലവർ പറഞ്ഞു.
ബുധനാഴ്ച ഗുജറാത്ത് ടൈറ്റൻസിനെതിരെ നടന്ന മത്സരത്തിനിടെയാണ് കോഹ്ലിക്ക് പരിക്കേറ്റത്. ഗുജറാത്തിന്റെ ഇന്നിംഗ്സിനിടെ 12-ാം ഓവറിലായിരുന്നു സംഭവം. ക്രുനാൽ പാണ്ഡ്യ എറിഞ്ഞ 12-ാം ഓവറിന്റെ സായ് സുദര്ശൻ സ്വീപ് ഷോട്ടിന് ശ്രമിച്ചു.
അതിവേഗത്തിലെത്തിയ പന്ത് ഡീപ് മിഡ് വിക്കറ്റിൽ നിലയുറപ്പിച്ച കോഹ്ലിയുടെ മുന്നിലാണ് വീണത്. എന്നാൽ, തടയാൻ ശ്രമിച്ച കോഹ്ലിയുടെ വലത് കൈയിൽ തട്ടിത്തെറിച്ച പന്ത് ബൗണ്ടറി കടന്നു.
പന്ത് കയ്യിൽ തട്ടിയതിന് പിന്നാലെ വേദന കൊണ്ട് പുളഞ്ഞ താരം മൈതാനത്ത് മുട്ടുകുത്തി ഇരിക്കുന്നത് കാണാമായിരുന്നു. ഉടൻ തന്നെ ടീം ഫിസിയോ എത്തി കോലിയ്ക്ക് ആവശ്യമായ ചികിത്സ നൽകിയിരുന്നു.
കോഹ്ലിയുടെ പരിക്ക് തിരിച്ചടിയാകുമോ എന്ന ആശങ്കയിലായിരുന്നു ആരാധകർ. എന്നാൽ അത്തരത്തിലുള്ള സാഹചര്യം ഇല്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ആർസിബിയുടെ പരിശീലകൻ.