യാത്രക്കാരി കുഴഞ്ഞുവീണു; മിനിറ്റുകള്‍ക്കകം ആശുപത്രിയിലെത്തിച്ച് ബസ് ജീവനക്കാരും യാത്രക്കാരനും
Thursday, April 3, 2025 3:29 PM IST
കൊച്ചി: യാത്രയ്ക്കിടയില്‍ കുഴഞ്ഞുവീണ യാത്രക്കാരിയെ മിനിറ്റുകള്‍ക്കകം ആശുപത്രിയിലെത്തിച്ച് ബസ് ജീവനക്കാര്‍. എറണാകുളം-വൈക്കം റൂട്ടില്‍ സര്‍വീസ് നടത്തുന്ന കാശിനാഥന് എന്ന ബസിലെ ഡ്രൈവര്‍ പി.ഡി. ദീപുവും കണ്ടക്ടര്‍ ആദിത്യനും യാത്രക്കാരനായ ശ്യാം സതീശനുമാണ് സമൂഹത്തിനു മാതൃകയായത്.
ഇന്ന് രാവിലെ 8.30 ഓടെ ബസ് കണ്ടനാട് എത്തിയപ്പോഴാണ് പുതിയകാവില്‍ ജോലി ചെയ്യുന്ന വൈക്കം സ്വദേശിനിയായ യുവതി ബസില്‍ കുഴഞ്ഞുവീണത്. തുടര്‍ന്ന് നിറയെ യാത്രക്കാരുമായുള്ള ബസ് ഡ്രൈവറായ ദീപു തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലേക്ക് ഓടിച്ചെത്തിക്കുകയായിരുന്നു.
കണ്ടനാട് നിന്ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലേക്ക് എട്ടു മിനിറ്റിനകം രോഗിയെ എത്തിക്കാന്‍ ബസ് ജീവനക്കാര്‍ക്ക് കഴിഞ്ഞു. ഫിക്സ് വന്നതിനെ തുടര്‍ന്നാണ് യുവതി കുഴഞ്ഞു വീണത്.
യുവതിയുടെ ബന്ധുക്കള്‍ എത്തുന്നവരെ ആശുപത്രിയില്‍ നിന്നത് യാത്രക്കാരനായ ശ്യാം സതീശനായിരുന്നു.