ഇറക്കുമതി തീരുവകൾ പ്രഖ്യാപിച്ച് ട്രംപ്; ഇന്ത്യക്ക് തിരിച്ചടി, 26 ശതമാനം ഇറക്കുമതി തീരുവ ചുമത്തി
Thursday, April 3, 2025 4:03 AM IST
വാഷിംഗ്ടൺ: വിദേശ രാജ്യങ്ങള്‍ക്ക് ഇറക്കുമതി തീരുവകൾ പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. 26 ശതമാനം തീരുവയാണ് ഇന്ത്യക്ക് മേൽ ചുമത്തിയത്. ഇന്ത്യക്ക് വലിയ തിരിച്ചടിയാണ് അമേരിക്കയുടെ ഈ തീരുമാനം.
ഇന്ത്യൻ ഇറക്കുമതിക്ക് 26 ശതമാനം, ചൈനക്കെതിരെ 34 ശതമാനം, യൂറോപ്യൻ യൂണിയൻ 20 ശതമാനം, ജപ്പാൻ 24 ശതമാനം എന്നീ രാജ്യങ്ങൾക്കാണ് കൂടുതൽ നികുതി ചുമത്തിയത്. അമേരിക്കയിൽ എത്തുന്ന എല്ലാ ഉൽപ്പന്നങ്ങൾക്കും 10 ശതമാനം തീരുവ ചുമത്തി. ഇതിനു പുറമേയാണ് ഈ നിരക്ക് വരുന്നതെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.
അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് അധിക തീരുവ ചുമത്തുന്ന രാജ്യങ്ങൾക്കാണ് ട്രംപ് കൂടുതൽ നികുതി ചുമത്തിയത്. 10 ശതമാനമുള്ള തീരുവ ഏപ്രില്‍ അഞ്ച് മുതലും രാജ്യങ്ങള്‍ക്കുള്ള കൂടിയ തീരുവ ഏപ്രില്‍ ഒന്‍പതിനുമാണ് പ്രാബല്യത്തില്‍ വരിക.
പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ പ്രീയപ്പെട്ട സുഹൃത്താണെന്ന് ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാൽ 52 ശതമാനം തീരുവയാണ് അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് ഇന്ത്യ ചുമത്തുന്നത്.
അതുകൊണ്ട് ഇന്ത്യക്ക് മേൽ 26 ശതമാനം തീരുവ ചുമത്തുന്നുവെന്ന് ട്രംപ് പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ വിദേശ രാജ്യങ്ങള്‍ക്ക് അമേരിക്ക ഇറക്കുമതി തീരുവകൾ പ്രഖ്യാപിച്ചത്.
അമേരിക്കയുടെ ചരിത്രത്തിലെ പ്രധാനപ്പെട്ട ദിവസമാണിതെന്നും ട്രംപ് പ്രഖ്യാപിച്ചു. യുഎസ് എന്ന വ്യവസായിക ശക്തിയുടെ പുനർജന്മമാകും ഇനി കാണുകയെന്നും യുഎസ് ഒരിക്കൽ കൂടി സമ്പന്നമാകുമെന്നും ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു.