ജിം സന്തോഷ് കൊലക്കേസ്: പ്രതികള്‍ ഒളിച്ചിരുന്ന വീട്ടില്‍ നിന്ന് നാടന്‍ ബോംബ് കണ്ടെത്തി
Wednesday, April 2, 2025 6:24 PM IST
കൊല്ലം: കരുനാഗപ്പള്ളി ജിം സന്തോഷ് കൊലക്കേസ് പ്രതികള്‍ ഒളിച്ചിരുന്ന വീട്ടില്‍ നിന്ന് നാടന്‍ ബോംബ് കണ്ടെത്തി. പിടിയിലായ ഗുണ്ടാ നേതാവ് പങ്കജ് നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ബോംബ് കണ്ടെത്തിയത്. ഓച്ചിറ ഞക്കനാല്‍ ഒളിസങ്കേതത്തില്‍ നിന്നാണ് നാടന്‍ ബോംബ് കണ്ടെത്തിയത്.
ബോംബ് സ്ക്വാഡ് എത്തി ബോംബ് നിര്‍വീര്യമാക്കി. കൊലപാതകം നടത്തിയ ശേഷം പ്രതികള്‍ ഇവിടെയാണ് ഒളിവില്‍ താമസിച്ചത്. പ്രതികള്‍ ഉപയോഗിച്ച വസ്ത്രങ്ങളും ഇവിടെ നിന്ന് കണ്ടെത്തി. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലും സ്ഫോടകവസ്തു കണ്ടെത്തിയിരുന്നു.
ചൊവ്വാഴ്ച കല്ലമ്പലത്ത് നിന്നായിരുന്നു പങ്കജിനെ പോലീസ് പിടികൂടിയത്. ഗുണ്ടാനേതാവ് സന്തോഷ്, പങ്കജിനെ കുത്തിയ ശേഷം ജയിലിലായിരുന്നു. ഇതിന്റെ പ്രതികാരനടപടിയായാണ് പങ്കജും ഗുണ്ടാ സംഘവും ചേര്‍ന്ന് ജിം സന്തോഷിനെ വീട്ടില്‍ കയറി കൊലപ്പെടുത്തിയതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.
സന്തോഷ് വധക്കേസില്‍ ഇതുവരെ ആറ് പ്രതികളാണ് പിടിയിലായിരിക്കുന്നത്.