മധ്യപ്രദേശിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവിന്റെ തലയ്ക്ക് രണ്ട് സംസ്ഥാന സർക്കാരുകൾ പ്രഖ്യാപിച്ചത് ലക്ഷങ്ങൾ
Monday, March 31, 2025 8:53 PM IST
ഭോപ്പാൽ: മധ്യപ്രദേശിൽ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ മാവോയിസ്റ്റ് നേതാവ് ഗുമ്മാടിവേലി രേണുക (ബാനു) കൊല്ലപ്പെട്ടു. ദന്തേവാഡ-ബിജാപൂർ അതിർത്തിയിലെ നെൽഗോഡ, ഇകേലി, ബെൽനാർ ഗ്രാമങ്ങളുടെ ട്രൈ-ജംഗ്ഷനിൽ വച്ചായിരുന്നു ഏറ്റുമുട്ടലുണ്ടായത്.
ചത്തീസ്ഗഡ് സർക്കാർ 25 ലക്ഷവും ആന്ധ്രാപ്രദേശ് സർക്കാർ 20 ലക്ഷം രൂപയും ഇവരുടെ തലയ്ക്ക് വിലയിട്ടിരുന്നു. ചൈതെ, സരസ്വതി, ദമയന്തി എന്നിങ്ങനെ നിരവധി പേരുകളിൽ അറിയപ്പെട്ടിരുന്ന രേണുക, 1996 മുതൽ മാവോയിസ്റ്റ് പ്രസ്ഥാനത്തിൽ സജീവമാണ്. മാവോയിസ്റ്റ് പ്രസിദ്ധീകരണമായ പ്രഭാത് പത്രികയുടെ എഡിറ്ററുമായിരുന്നു രേണുക.
ഇന്റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇന്ന് രാവിലെ ഒൻപത് മുതൽ ഏറ്റുമുട്ടൽ ആരംഭിച്ചതെന്ന് ബസ്തർ പോലീസ് മേധാവി സുന്ദർരാജ് പി പറഞ്ഞു. വെടിവയ്പ്പ് ഏകദേശം രണ്ട് മണിക്കൂർ നീണ്ടുനിന്നു.
ഒരു ഇൻസാസ് റൈഫിൾ, മാഗസിനുകൾ, വെടിമരുന്ന്, ഒരു ലാപ്ടോപ്പ്, മാവോയിസ്റ്റ് സാഹിത്യങ്ങൾ എന്നിവയും സുരക്ഷാ സേന സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്തു.
നിയമ ബിരുദം നേടിയിട്ടുള്ള രേണുക, തെലങ്കാനയിലെ വാറങ്കൽ ജില്ലയിലെ കടവെണ്ടി ഗ്രാമവാസിയാണ്. മൂന്ന് പതിറ്റാണ്ടുകൾക്ക് മുമ്പ് അവർ മാവോയിസ്റ്റ് പ്രസ്ഥാനത്തിൽ ചേരുകയും വേഗത്തിൽ നേതൃനിരയിലെത്തുകയുമായിരുന്നു.
ഇവരുടെ ആദ്യകാല പ്രവർത്തനങ്ങൾ ആന്ധ്രാപ്രദേശിലെ മുതിർന്ന മാവോയിസ്റ്റ് നേതാവ് കൃഷ്ണ അന്നയോടൊപ്പമായിരുന്നു. 2003ൽ അവർക്ക് മാവോയിസ്റ്റ് പദവികളിൽ സ്ഥാനക്കയറ്റം ലഭിച്ചു. 2006 ആയപ്പോഴേക്കും ആനന്ദ് എന്ന ദുല ദാദയുടെ നേതൃത്വത്തിൽ സൗത്ത് ബസ്തറിൽ സജീവമായി.
2013ൽ അവർ മാഡ് മേഖലയിലേക്ക് താമസം മാറി രാമണ്ണയുമായി ചേർന്ന് പ്രവർത്തിച്ചു. കോവിഡ് ബാധിച്ച് രാമണ്ണ മരിച്ചതിനെത്തുടർന്ന്, 2020ൽ അവരെ സെൻട്രൽ റീജിയണൽ ബ്യൂറോയുടെ പ്രസ് ടീമിന്റെ ചുമതലയിൽ നിയമിച്ചു.
ഇവരുടെ നേതൃത്വത്തിൽ, മാവോയിസ്റ്റ് പ്രത്യയശാസ്ത്രം പ്രചരിപ്പിക്കുന്നതിനായി പ്രഭാത്, മഹിള മാർഗം, അവാമി ജംഗ്, പീപ്പിൾസ് മാർച്ച്, ഝങ്കാർ, പിതുരി എന്നിവയുൾപ്പെടെ നിരവധി മാവോയിസ്റ്റ് പ്രസിദ്ധീകരണങ്ങൾ പതിവായി പുറത്തിറങ്ങി.
2005ൽ, കേന്ദ്ര കമ്മിറ്റി അംഗം ശങ്കമുരി അപ്പ റാവു എന്ന രവിയെ രേണുക വിവാഹം കഴിച്ചു. 2010ൽ നല്ലമല്ല വനത്തിൽ (ആന്ധ്രാപ്രദേശ്) ഒരു ഏറ്റുമുട്ടലിൽ അദ്ദേഹം കൊല്ലപ്പെട്ടു. ഇവരുടെ സഹോദരൻ മാവോയിസ്റ്റുകളുടെ ദണ്ഡകർണ്യ യൂണിറ്റിലെ അംഗമായ ഗുഡ്സ ഉസേണ്ടി എന്ന ജിവികെ പ്രസാദ് 2014 ൽ തെലങ്കാനയിൽ കീഴടങ്ങിയിരുന്നു.