ഡൽഹിയിൽ വൻ ലഹരിമരുന്ന് വേട്ട; 27 കോടിയുടെ എംഡിഎംഎയും കൊക്കെയ്നും പിടികൂടി
Monday, March 31, 2025 7:19 PM IST
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് വന്‍ ലഹരിമരുന്നുവേട്ട. 27.4 കോടിരൂപ വിലമതിക്കുന്ന മെത്താംഫെറ്റാമൈന്‍, എംഡിഎംഎ, കൊക്കെയ്ന്‍ എന്നിവയാണ് പിടികൂടിയത്.
ഇതുമായി ബന്ധപ്പെട്ട് അഞ്ചുപേരെ അറസ്റ്റ് ചെയ്തതായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അറിയിച്ചു. നര്‍കോട്ടിക് കണ്ട്രോള് ബ്യൂറോ(എന്‍സിബി)യും ഡല്‍ഹി പോലീസും ചേര്‍ന്ന് നടത്തിയ സംയുക്ത നീക്കത്തിലാണ് കൊക്കെയ്ന്‍ പിടികൂടിയത്.
ഡല്‍ഹിയിലെ ഛത്തര്‍പുര്‍ മേഖലയില്‍ മെത്താംഫെറ്റമൈന് ഇടപാട് നടക്കാന്‍ പോകുന്നെന്ന വിവരം ലഭിച്ചതിന് പിന്നാലെ എന്‍സിബി-ഡല്‍ഹി പോലീസ് സംഘം നിരീക്ഷണം ശക്തമാക്കുകയായിരുന്നു.
തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ 10.2 കോടി വിലമതിക്കുന്ന 5.103 കിലോഗ്രാം മെത്താംഫെറ്റാമൈനുമായി ഒരു വാഹനം പിടികൂടി. വാഹനത്തിലുണ്ടായിരുന്ന അഞ്ചുപേരെ അറസ്റ്റ് ചെയ്തു.
അറസ്റ്റിലായവരില്‍ നാലുപേര്‍ ആഫ്രിക്കന്‍ പൗരന്മാരാണ്. ഇവരില്‍നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ പടിഞ്ഞാറന്‍ ഡല്‍ഹിയിലെ തിലക് നഗര്‍ മേഖലയിലെ ഒരിടത്തുനിന്നാണ് മയക്കുമരുന്ന് ലഭിച്ചതെന്ന് കണ്ടെത്തി.
ഇവിടെ നടത്തിയ പരിശോധനയില്‍ 1.156 കിലോഗ്രാം മെത്താംഫെറ്റാമൈനും 4.142 കിലോഗ്രാം അഫ്ഗാന് ഹെറോയിനും 5.776 എംഡിഎഎയും പിടികൂടി. ഇവയ്ക്ക് ഏകദേശം 16.4 കോടിരൂപ വിലമതിക്കുമെന്നാണ് വിവരം.
ഇതിന് പിന്നാലെ ഗ്രേറ്റര്‍ നോയ്ഡയിലെ ഒരു വാടക അപ്പാര്‍ട്മെന്റില്‍ നടത്തിയ പരിശോധനയില്‍ 389 ഗ്രാം അഫ്ഗാന് ഹെറോയിനും 26 ഗ്രാം കൊക്കെയ്നും പിടിച്ചെടുത്തു. നടപടിയില്‍ എന്‍സിബിയെയും ഡല്‍ഹി പോലീസിനെയും അമിത് ഷാ അഭിനന്ദിച്ചു.