മുടി മുറിച്ച് സമരം കടുപ്പ് ആശാ വർക്കർമാർ
Monday, March 31, 2025 11:36 AM IST
തിരുവനന്തപുരം: മുടി മുറിച്ച് സമരം കടുപ്പിച്ച് ആശാ വർക്കർമാർ. സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തുന്ന സമരം 50 ദിവസം പൂർത്തിയായതോടെയാണ് ആശാ വർക്കർമാർ മുടി മുറിച്ച് പ്രതിഷേധവുമായി രംഗത്തെത്തിയത്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗത്തുനിന്നും ആശാ വർക്കർമാർ രാവിലെ സമരപ്പന്തലിൽ എത്തിച്ചേർന്നിരുന്നു. സമരം 50 ദിവസം പിന്നിട്ടിട്ടും സർക്കാരിന്റ ഭാഗത്തുനിന്നും ഇടപെടൽ ഉണ്ടാകാത്തതിനെ തുടർന്നാണ് ഇന്ന് മുടി മുറിച്ച് പ്രതിഷേധിക്കുന്നതിന് സമരസമിതി തീരുമാനിച്ചത്.
അതേസമയം ആശാ വർക്കർമാരുടെ സമരത്തോട് എതിർപ്പോ ദേഷ്യമോ ഇല്ലെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞിരുന്നു. സമരം ചെയ്യുന്നവരോട് ഇടതുപക്ഷത്തിന് യാതൊരു ശത്രുതയുമില്ല. പക്ഷേ സമരത്തിന് നേതൃത്വം നൽകുന്നവരുടെ രാഷ്ടീയം പറയേണ്ടി വരും. അവരുടെ സങ്കുചിത സമീപനത്തെയും രാഷ്ട്രീയ സമീപനത്തെയും എതിർക്കേണ്ടി വരും.
ആശമാരുടെ വേതന വർധനവുമായി ബന്ധപ്പെട്ട വിഷയത്തിൽ കേന്ദ്രസർക്കാർ ഒരേ സമയം ഇരയ്ക്കൊപ്പം ഓടുകയും വേട്ടക്കാരനൊപ്പം വേട്ടയാടുകയുമാണ്. കശുവണ്ടി തൊഴിലാളികളും കൈത്തറി തൊഴിലാളികളുമടക്കമുള്ള പരന്പരാഗത തൊഴിലാളികൾ പ്രതിസന്ധികൾ നേരിടുന്നുണ്ട്.
അവർക്കിടയിൽനിന്നുകൊണ്ടാണ് ആശാമാരും സമരം നടത്തുന്നത്. അവരുടെ ആവശ്യങ്ങളിൽ നടപടി സ്വീകരിക്കുന്നതിന് സംസ്ഥാന സർക്കാരിന് പരിമിതികളുണ്ട്.
ആശാ വർക്കർമാരുടെ ഓണറേറിയം കുടിശിക നികത്തുന്നതിനായി സർക്കാർ പണം അനുവദിച്ചു. സമരം ചെയ്യുന്നതിന്റെ പേരിൽ മറ്റ് സംസ്ഥാനങ്ങളിലേതു പോലെ ആരെയും കേരള സർക്കാർ പിരിച്ചു വിടുന്നില്ലല്ലോ എന്നും ധനമന്ത്രി പറഞ്ഞിരുന്നു.