എമ്പുരാനിലെ മൂന്ന് മിനിറ്റ് വെട്ടിമാറ്റി; റീഎഡിറ്റ് ചെയ്ത സിനിമ തിങ്കളാഴ്ച മുതൽ
Sunday, March 30, 2025 9:12 PM IST
കൊച്ചി: പൃഥ്വിരാജ് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം എമ്പുരാനിലെ മൂന്ന് മിനിറ്റ് വെട്ടിമാറ്റി. റീഎഡിറ്റ് ചെയ്ത തിങ്കളാഴ്ച മുതൽ പ്രദർശിപ്പിക്കും.
റീഎഡിറ്റിംഗിന് സെൻസർ ബോർഡ് അംഗീകാരം നൽകി. ഉടൻ റീഎഡിറ്റ് ചെയ്യണമെന്ന് കേന്ദ്ര സെൻസർ ബോർഡ് നിർദേശം നൽകുകയായിരുന്നു എന്നാണ് വിവരം.
ചിത്രത്തിനെതിരെ സംഘപരിവാർ രംഗത്തെത്തിയിരുന്നു. ചിത്രത്തിലെ നായകനായ മോഹൻലാൽ ഇന്ന് ഖേദം പ്രകടിപ്പിച്ചിരുന്നു. സോഷ്യല്‍ മീഡിയയില്‍ പ്രസിദ്ധീകരിച്ച കുറിപ്പിലാണ് മോഹന്‍ലാല്‍ ഖേദം പ്രകടിപ്പിച്ചത്.
പ്രിയപ്പെട്ടവരെ വേദനിപ്പിച്ച വിഷയങ്ങളെ നിര്‍ബന്ധമായും സിനിമയില്‍ നിന്ന് നീക്കം ചെയ്യാൻ ഞങ്ങള്‍ ഒരുമിച്ച് തീരുമാനിച്ചു കഴിഞ്ഞുവെന്നും മോഹൻലാല്‍ വ്യക്തമാക്കി.സംവിധായകന് പൃഥ്വിരാജും, നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരും ഈ പോസ്റ്റ് റീ ഷെയര്‍ ചെയ്തിട്ടുണ്ട്.
എമ്പുരാന്റെ റീ എഡിറ്റഡ് പതിപ്പില്‍ ആദ്യ മുപ്പത് മിനിറ്റിൽ കാണിക്കുന്ന ഗുജറാത്ത് കലാപ രംഗങ്ങൾ കുറയ്ക്കും എന്നാണ് വിവരം. കേന്ദ്ര സർക്കാരിന് എതിരായവരെ ദേശീയ ഏജൻസി കേസിൽ കുടുക്കുന്നതായി കാണിക്കുന്ന ഭാഗങ്ങളിൽ ചില മാറ്റങ്ങൾ വരുത്തും. ബാബ ബജ്രംഗി എന്ന വില്ലന്റെ പേര് മാറ്റിയേക്കും എന്നാണ് വിവരം.