കരുനാഗപ്പള്ളി സന്തോഷ് വധം; കൊലയ്ക്ക് മുമ്പ് പ്രതികള്‍ റിഹേഴ്സല്‍ നടത്തിയെന്ന് പോലീസ്
Saturday, March 29, 2025 9:07 AM IST
കൊല്ലം: കരുനാഗപ്പള്ളി സന്തോഷ് വധക്കേസില്‍ കൊലയ്ക്ക് മുമ്പ് പ്രതികള്‍ റിഹേഴ്സല്‍ നടത്തിയെന്ന് പോലീസ്. ഓച്ചിറ മേമന സ്വദേശി മനു(കുക്കു)വിന്റെ വീട്ടില്‍വച്ചാണ് കൊലപാതകം നടത്തേണ്ട രീതി പ്രതികള്‍ പരിശീലിച്ചത്.
കൊലപാതകം നടത്തുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് ആയുധങ്ങള്‍ ഉപയോഗിച്ചുള്ള പരിശീലനം നടത്തിയത്. മനു നിലവില്‍ പോലീസ് കസ്റ്റഡിയിലുണ്ട്. ഇയാള്‍ക്കെതിരേ ഗൂഢാലോചന കുറ്റം അടക്കം ചുമത്തുമെന്നും പോലീസ് അറിയിച്ചു.
അതേസമയം കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത പ്രതി രാജപ്പനെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്. പരസ്പര വിരുദ്ധമായ മൊഴിയാണ് ഇയാള്‍ നല്‍കുന്നതെന്ന് പോലീസ് പറഞ്ഞു. മറ്റ് പ്രതികള്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്.
വെള്ളിയാഴ്ച ആലപ്പുഴയിൽവച്ചാണ് മനുവും രാജപ്പനും പിടിയിലായത്. എല്ലാ പ്രതികളുടെയും ചിത്രങ്ങൾ പോലീസ് പുറത്തുവിട്ടിരുന്നു. ക്വട്ടേഷൻ നൽകിയെന്ന് സംശയിക്കുന്ന പങ്കജിന്റേത് ഉൾപ്പെടെ അഞ്ച് പേരുടെ ചിത്രങ്ങളാണ് പുറത്തുവിട്ടത്.
താച്ചയിൽമുക്ക് സ്വദേശി സന്തോഷാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം പുലർച്ചെ രണ്ടേകാലോടെയാണ് സംഭവം. വൈദ്യുതി കണക്ഷൻ വിച്ഛേദിച്ച ശേഷം വീടിന് നേരെ തോട്ട എറിഞ്ഞ് കതക് തകർത്ത ശേഷമാണ് ഗുണ്ടാസംഘം അകത്ത് കടന്നത്.
മുൻവൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചത്. അക്രമിസംഘത്തിൽ ഉണ്ടായിരുന്ന പങ്കജിനെ ആക്രമിച്ച കേസിലെ പ്രതിയായിരുന്നു സന്തോഷ്.
വവ്വാക്കാവിലും സംഘം ഒരാളെ വെട്ടിപരിക്കേല്‍പ്പിച്ചിട്ടുണ്ട്. കേസിലെ മറ്റൊരു പ്രതി അനീറിനെയാണ് വെട്ടിയത്. ഗുണ്ടാപ്പകയാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറഞ്ഞിരുന്നു.
.