മഴവില്‍സഖ്യത്തിന്റെ ഒരു ആരോപണം കൂടി തകര്‍ന്നു: എം.വി.ഗോവിന്ദന്
Friday, March 28, 2025 3:31 PM IST
തിരുവനന്തപുരം: മാസപ്പടി കേസിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി തള്ളിയതിന് പിന്നാലെ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്. മഴവില്‍സഖ്യത്തിന്റെ ഒരു ആരോപണം കൂടി തകര്‍ന്നു തരിപ്പണമായി. കുഴല്‍നാടന്റെ ഉണ്ടയില്ലാത്ത വെടി ഹൈക്കോടതി തന്നെ തള്ളിയെന്നും ഗോവിന്ദൻ പ്രതികരിച്ചു.
മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരേ പുകമറ സൃഷ്ടിക്കാനുള്ള യുഡിഎഫും ബിജെപിയും അടങ്ങുന്ന മഴവില്‍സഖ്യത്തിന്റെ ശ്രമമാണ് മാസപ്പടി ആരോപണം. മാസപ്പടി കേസിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴൽനാടൻ എംഎൽഎയും ഗിരീഷ് ബാബുവും നൽകിയ ഹർജികളാണ് ഹൈക്കോടതി തള്ളിയത്.
കേസിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹർജി തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതി നേരത്തെ തള്ളിയിരുന്നു. തുടർന്നാണ് പരാതിക്കാരായ ഗിരീഷ് ബാബുവും മാത്യു കുഴല്നാടൻ എംഎൽഎയും റിവിഷൻ ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.