വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു; ഹീത്രു വിമാനത്താവളം തുറന്നു
Saturday, March 22, 2025 1:51 AM IST
ലണ്ടൻ: വൈദ്യുതി സബ്സ്റ്റേഷനിൽ തീപിടിത്തം ഉണ്ടായതിനെത്തുടർന്ന് വൈദ്യുതി മുടങ്ങിയതിനാല്‍ അടച്ചിട്ട ലണ്ടനിലെ ഹീത്രു വിമാനത്താവളം തുറന്നു. വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചശേഷമുള്ള ആദ്യവിമാനം ലാന്‍ഡ് ചെയ്തു.
ലണ്ടനില്‍ ഹെയ്സിലുള്ള നോര്‍ത്ത് ഹൈഡ് ഇലക്ട്രിക്കല്‍ സബ്സ്റ്റേഷനിലെ പൊട്ടിത്തെറിയെ തുടര്‍ന്നാണ് ഹീത്രൂ വിമാനത്താവളം അടച്ചിട്ടത്. ഹീത്രുവിൽനിന്നു പുറപ്പെടേണ്ടതും എത്തിച്ചേരേണ്ടതുമായ 1351 വിമാന സർവീസുകളാണു റദ്ദാക്കപ്പെട്ടത്. യൂറോപ്പിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളം ഒരു ദിവസം നിലച്ചതു മൂലം 2.91 ലക്ഷം യാത്രക്കാർ വിഷമവൃത്തത്തിലായി.
ഹീത്രുവിലേക്കു വൈദ്യുതി എത്തുന്ന സബ്സ്റ്റേഷനിൽ വ്യാഴാഴ്ച അർധരാത്രിയാണു തീപിടിത്തമുണ്ടായത്. വൈദ്യുതി നിലച്ചതോടെ വിമാനത്താവളത്തിന്റെ പ്രവർത്തനവും നിലയ്ക്കുകയായിരുന്നു.
തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. അട്ടിമറിയില്ലെന്നാണു പ്രാഥമിക നിഗമനമെന്നു ബ്രിട്ടീഷ് ഊർജവകുപ്പ് മന്ത്രി എഡ് മിലിബന്റ് പറഞ്ഞു. തീപിടിത്തത്തെ തുടർന്നു 4,900 വീടുകളിൽ വൈദ്യുതി ഇല്ലാതായി. 150 പേരെ ഒഴിപ്പിച്ചുമാറ്റി.