യുവാവിനെ കൊന്നു: ആത്മഹത്യയാണെന്ന് ചിത്രീകരിക്കാൻ മൃതദേഹം റെയിൽവേ ട്രാക്കിൽ വച്ചു; പ്രതികൾ പിടിയിൽ
Monday, March 17, 2025 5:52 AM IST
ന്യൂഡൽഹി: യുവാവിനെ കൊലപ്പെടുത്തിയതിന് ശേഷം ആത്മഹത്യയാണെന്ന് വരുത്തിതീർക്കാൻ മൃതദേഹം റെയിൽവേ ട്രാക്കിൽ വച്ചു. ഡൽഹി കാന്റ് റെയിൽവേ സ്റ്റേഷന് സമീപമാണ് സംഭവം.
മാർച്ച് എട്ടു മുതൽ കാണാതായ ബൽജീത് നഗർ സ്വദേശിയായ പങ്കജ് എന്നയാളുടെ മൃതദേഹമാണ് കണ്ടെത്തിയത്. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ സംഭവം കൊലപാതകമാണെന്ന് പോലീസ് കണ്ടെത്തി.
പങ്കജിനെ നാലുപേർ മർദിക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. പങ്കജിനെ കുത്തിക്കൊല്ലുകയായിരുന്നുവെന്ന് പ്രതികൾ സമ്മതിച്ചു.
കൊലപ്പെടുത്തിയ ശേഷം പ്രതികൾ പങ്കജിന്റെ മൃതദേഹം റെയിൽവേ ട്രാക്കിൽ വച്ചു. തുടർന്ന് ട്രെയിൻ കയറി മൃതദേഹം ചിന്നിച്ചിതറി. കേസിൽ ഒരാൾകൂടി ഉൾപ്പെട്ടിട്ടുണ്ട്. ഇയാളെ ഉടൻ പിടികൂടുമെന്ന് പോലീസ് വ്യക്തമാക്കി.