അഞ്ച് വർഷത്തിനിടെ 400 കോടി രൂപ നികുതി അടച്ചുവെന്ന് രാമക്ഷേത്ര ട്രസ്റ്റ്
Monday, March 17, 2025 5:09 AM IST
ലക്നോ: ശ്രീരാമജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റ് കഴിഞ്ഞ അഞ്ച് വർഷത്തിനിടെ സർക്കാരിലേക്ക് 400 കോടി രൂപ നികുതിയായി അടച്ചുവെന്ന് ട്രസ്റ്റ് സെക്രട്ടറി ചമ്പത് റായ്. 2020 ഫെബ്രുവരി അഞ്ചിനും 2025 ഫെബ്രുവരി അഞ്ചിനും ഇടയിലാണ് തുക അടച്ചതെന്ന് ട്രസ്റ്റ് സെക്രട്ടറി വ്യക്തമാക്കി.
ഇതിൽ 270 കോടി രൂപ ചരക്ക് സേവന നികുതിയായി (ജിഎസ്ടി) അടച്ചപ്പോൾ, ബാക്കി 130 കോടി രൂപ മറ്റ് വിവിധ നികുതി വിഭാഗങ്ങളിലായി അടച്ചു.
അയോധ്യയിൽ ഭക്തരുടെയും വിനോദസഞ്ചാരികളുടെയും പത്തിരട്ടി വർധനവാണ് ഉണ്ടായിരിക്കുന്നതെന്നും തദ്ദേശവാസികൾക്ക് നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. മഹാകുംഭ സമയത്ത് 1.26 കോടി ഭക്തർ അയോധ്യ സന്ദർശിച്ചതായി അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ വർഷം 16 കോടി സന്ദർശകരാണ് അയോധ്യയിൽ എത്തിയത്. അഞ്ച് കോടി ആളുകൾ രാമക്ഷേത്രം സന്ദർശിച്ചു. ട്രസ്റ്റിന്റെ സാമ്പത്തിക രേഖകൾ കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സിഎജി) ഉദ്യോഗസ്ഥർ പതിവായി ഓഡിറ്റ് ചെയ്യാറുണ്ടെന്നും റായ് കൂട്ടിച്ചേർത്തു.