പള്ളിക്കു സമീപം അസ്ഥികൂടം കണ്ടെത്തിയ സംഭവം: മെഡിക്കല്‍ പഠന ആവശ്യത്തിനുള്ളതെന്നു സ്ഥിരീകരണം
Thursday, March 13, 2025 5:36 PM IST
കൊല്ലം: ശരദമഠം സിഎസ്ഐ പള്ളി സെമിത്തേരിക്ക് സമീപത്തെ പറമ്പില്‍ സ്യൂട്ട്കേസിനുള്ളില്‍ കണ്ടെത്തിയ മനുഷ്യന്റെ അസ്ഥികൂടം മെഡിക്കല്‍ പഠന ആവശ്യത്തിനുള്ളതെന്ന് സ്ഥിരീകരിച്ച് പോലീസ്.
എല്ലുകളില്‍ അക്ഷരങ്ങള്‍ രേഖപ്പെടുത്തിയത് പഠനാവശ്യങ്ങള്ക്കുള്ളതാണെന്നാണ് കണ്ടെത്തൽ. എങ്കിലും തുടര്‍ പരിശോധനകള്‍ ഉള്‍പ്പെടെ നടത്തുമെന്നും പോലീസ് അറിയിച്ചു. ആര് ഉപേക്ഷിച്ചതാണെന്നുള്പ്പെടെ കണ്ടെത്തേണ്ടതുണ്ട്.
ചൊവ്വാഴ്ച രാവിലെയാണ് സ്യൂട്ട്കേസിനുള്ളില്‍ അസ്ഥികൂടം കണ്ടെത്തിയത്. മൂന്നായി പിളര്‍ന്ന തലയോട്ടി, ഒരു പല്ലോടുകൂടിയ താടിയെല്ല്, രണ്ട് തോളെല്ലുകൾ, വാരിയെല്ലിന്റെ 18 കഷണങ്ങള്‍, നട്ടെല്ലിന്റെ 16 കഷണങ്ങള്‍, ചുവന്ന തുണിയില്‍ കോര്‍ത്തിട്ട ആറ് ചെറിയ എല്ലിന് കഷണങ്ങൾ, ഇരുകൈകളുടെയും ഏഴ് അസ്ഥികൾ, രണ്ട് ഇടുപ്പെല്ലുകള്‍, തുടയെല്ലിന്റെ ഭാഗങ്ങള്‍, കണങ്കാലിന്റെ നീളമുള്ള എല്ല്, 19 ചെറിയ അസ്ഥികൾ, ശസ്ത്രക്രിയയ്ക്കായി ഉപയോഗിക്കുന്ന തുരുമ്പെടുത്ത നിലയിലുള്ള കത്രിക, ചോക്കിന്റെ കഷണം എന്നിവയാണ് സ്യൂട്ട്കേസിലുണ്ടായിരുന്നത്.