വയനാട് പുനരധിവാസം; സമ്മതപത്രം നൽകിയത് 22 പേർ മാത്രം, ഒന്നാംഘട്ട പട്ടികയിലെ 199 ഗുണഭോക്താക്കളുമായി കളക്ടർ ചർച്ച നടത്തി
Wednesday, March 12, 2025 8:30 PM IST
വയനാട്: മുണ്ടക്കൈ-ചൂരൽമല പുനരധിവാസവുമായി ബന്ധപ്പെട്ട് ഒന്നാംഘട്ട പട്ടികയിലെ 199 ഗുണഭോക്താക്കളുമായി കളക്ടർ ചർച്ച നടത്തി. വീടിനായി സമ്മതപത്രം നൽകിയത് 22 പേർ മാത്രമാണ്.
ടൗൺഷിപ്പിന് പുറത്ത് പുനരധിവാസം ആഗ്രഹിക്കുന്നവർക്ക് 15 ലക്ഷം രൂപ എന്നത് ഒരാൾ മാത്രമാണ് അംഗീകരിച്ചത്. പാക്കേജ് അംഗീകരിക്കില്ലെന്ന നിലപാടിലാണ് ഭൂരിഭാഗം ദുരന്തബാധിതരും.
കല്‍പ്പറ്റ എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ 64 ഹെക്ടര്‍ സ്ഥലത്ത് നിര്‍മിക്കുന്ന ടൗണ്‍ഷിപ്പില്‍ 1000 ചതുരശ്ര അടിയുള്ള വീട്, അല്ലാത്തവര്‍ക്ക് 15 ലക്ഷം രൂപയുടെ സാമ്പത്തിക സഹായം എന്നാണ് സർക്കാർ തീരുമാനം.
അതേസമയം വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിനായി നിർമിക്കുന്ന ടൗണ്‍ഷിപ്പിലെ വീടുകളുടെ തറക്കല്ലിടൽ 27നു നടത്തുമെന്ന് റവന്യു മന്ത്രി കെ. രാജൻ നിയമസഭയിൽ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
കൽപ്പറ്റ നഗരസഭയിലെ എൽസ്റ്റണ്‍ എസ്റ്റേറ്റിലാണ് ടൗണ്‍ഷിപ്പ് നിർമിക്കുന്നത്. തറക്കല്ലിടലോടെ നിർമാണപ്രവർത്തനങ്ങളിലേക്കു കടക്കുമെന്നും മന്ത്രി അറിയിച്ചു. ഏഴു സെന്റ് ഭൂമി വീതമുള്ള 430 വീടുകളാണ് എൽസ്റ്റണ്‍ എസ്റ്റേറ്റിൽ നിർമിക്കുന്ന്.
ദുരന്തത്തെ ത്തുടർന്നു ജീവനോപാധി അടക്കം എല്ലാം നഷ്ടമായ ജീപ്പ് ഡ്രൈവർമാർ അടക്കമുള്ളവരെ പുനരധിവസിപ്പിക്കും. തുടർചികിത്സ ആവശ്യമായവർക്ക് ചികിത്സ നൽകും. ഇവരുടെ മുഴുവൻ ചികിത്സച്ചെലവും സംസ്ഥാന സർക്കാർ വഹിക്കും. തകർന്ന റോഡുകളും പാലങ്ങളുമടക്കം പുനർനിർമിക്കും. ആറ് ഹെലിപാഡുകൾ നിർമിക്കാൻ പണം അനുവദിച്ചതായും മന്ത്രി രാജൻ പറഞ്ഞു.