കൊല്ലത്ത് സ്യൂട്ട്കേസില്‍ കണ്ടെത്തിയ അസ്ഥികൂടം മെഡിക്കല്‍ പഠനത്തിന് ഉപയോഗിച്ചതെന്ന് നിഗമനം
Tuesday, March 11, 2025 3:42 PM IST
കൊല്ലം: സിഎസ്ഐ പള്ളിയുടെ സെമിത്തേരിക്ക് സമീപം കണ്ടെത്തിയ അസ്ഥികൂടം മെഡിക്കല്‍ പഠനത്തിന് ഉപയോഗിച്ചതെന്ന് നിഗമനം. ഫോറൻസിക് പരിശോധനയിൽ അസ്ഥികളിൽ മാർക്ക് ചെയ്തിരിക്കുന്ന പാടുകൾ കണ്ടെത്തി.
ഇടുപ്പെല്ലിൽ ഇംഗ്ലീഷ് അക്ഷരമാലയിലെ "എച്ച്' എന്ന അക്ഷരവും കാലിന്റെ എല്ലിൽ "ഒ' എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. നട്ടെല്ലിന്റെ ഭാഗങ്ങൾ ചുവപ്പ് കയർ ഉപയോഗിച്ച് കൂട്ടിക്കെട്ടിയ നിലയിലാണ്. അസ്ഥികൾ എങ്ങനെയാണ് സ്യൂട്ട്കേസിൽ എത്തിയതെന്ന കാര്യത്തിൽ പോലീസ് അന്വേഷണം തുടങ്ങി.
ഇന്ന് രാവിലെയാണ് എസ്എൻ കോളജിന് സമീപമുള്ള ശാരദാ മഠം സിഎസ്ഐ പള്ളിയോട് ചേർന്നുള്ള സെമിത്തേരിക്ക് സമീപം സ്യൂട്ട്കേസിലാക്കിയ നിലയിൽ അസ്ഥികൂടം കണ്ടെത്തിയത്. പള്ളി ജീവനക്കാർ സ്യൂട്ട്കേസ് തുറന്നതോടെയാണ് അസ്ഥികൂടം ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.