സ്വത്ത് സ്വന്തമാക്കാൻ അമ്മയെ വിഷം കൊടുത്തുകൊന്നു; സഹോദരന്മാർക്കും ബന്ധുക്കൾക്കുമെതിരെ യുവാവ്
Friday, March 7, 2025 7:43 AM IST
ലക്നോ: ഉത്തർപ്രദേശിൽ സ്വത്ത് കൈക്കലാക്കുന്നതിനു വേണ്ടി മൂന്ന് സഹോദരങ്ങളും അവരുടെ ഭാര്യമാരും അനന്തരവൻമാരും ചേർന്ന് അമ്മയെ കൊലപ്പെടുത്തിയെന്ന പരാതിയുമായി മകൻ. രണ്ട് വർഷങ്ങൾക്ക് മുൻപ് മരിച്ച പവിത്രദേവിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് മകൻ യോഗേന്ദ്ര സിംഗ് യാദവ് എന്നയാളാണ് പോലീസിനെ സമീപിച്ചത്.
വിഷം ശരീരത്തിൽ ചെന്നാണ് പവിത്ര ദേവി മരിച്ചതെന്ന് അടുത്തിടെ വന്ന ഒരു മെഡിക്കൽ റിപ്പോർട്ടിലുണ്ടായിരുന്നു. ഇതേതുടർന്നാണ് ആരോപണവുമായി യോഗേന്ദ്ര രംഗത്തെത്തിയത്. തന്റെ ജീവന് ഭീഷണിയുള്ളതായി പവിത്ര ദേവി പറഞ്ഞതായും യോഗേന്ദ്ര വ്യക്തമാക്കുന്നു.
പോസ്റ്റ്മോർട്ടം നടത്തിയെങ്കിലും വിസെറ റിപ്പോർട്ടിൽ പവിത്രദേവിക്ക് വിഷബാധയേറ്റതായി സ്ഥിരീകരിച്ചിരുന്നുവെന്ന് യോഗേന്ദ്ര അറിയിച്ചതായി അലേസർ പോലീസ് സ്റ്റേഷൻ ഇൻ-ചാർജ് (എസ്എച്ച്ഒ) സുധീർ രാഘവ് പറഞ്ഞു.
സംഭവത്തിൽ യോഗിയുടെ സഹോദരന്മാർ, അവരുടെ ഭാര്യമാർ, അനന്തരവൻമാർ എന്നിവരുൾപ്പെടെ ഒമ്പത് പേർക്കെതിരെ കോട്വാലി പോലീസ് കേസെടുത്തിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.