താനൂരിൽനിന്ന് കാണാതായ വിദ്യാർഥിനികളെ നാട്ടിലെത്തിക്കാനുള്ള ശ്രമം ആരംഭിച്ചു; ഇന്ന് കേരള പോലീസിനു കൈമാറും
Friday, March 7, 2025 5:25 AM IST
പൂനെ: താനൂരിൽനിന്ന് കാണാതായ വിദ്യാർഥിനികളെ നാട്ടിലെത്തിക്കാനുള്ള ശ്രമം ആരംഭിച്ചു. ഇവരെ ആർപിഎഫ് പൂനെ റെയിൽവേ സ്റ്റേഷനിൽ എത്തിച്ചു. രാവിലെ ഒമ്പതോടെ ഇവരെ കേരള പോലീസിന് കൈമാറും.
താനൂർ എസ്ഐയും രണ്ട് പോലീസുകാരും ഇതിനായി രാവിലെ മുംബൈയിൽ എത്തും. മുംബൈ-ചെന്നൈ എഗ്മോർ ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെ പുലർച്ചെ 1.45 ന് ലോനവാലയിൽ വച്ചാണ് ഇവരെ കണ്ടെത്തിയത്. മൊബൈൽ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വിദ്യാർഥിനികളെ കണ്ടെത്താനായത്.
അക്ബർ റഹീം എന്ന യുവാവും ഇവർക്കൊപ്പം മുംബൈയിലേക്കു പോയിരുന്നു. ഫാത്തിമ ഷഹദ ആവശ്യപ്പെട്ടിട്ടാണ് യുവാന്‍ ഒപ്പം പോയതെന്ന് എടവണ്ണ സ്വദേശിയായ അക്ബർ റഹീമിന്റെ കുടുംബാംഗങ്ങൾ പറഞ്ഞു. ഇൻസ്റ്റഗ്രാം വഴിയാണ് ഇവർ സുഹൃത്തുക്കളായത്.
വീട്ടിൽ ചില പ്രശ്നങ്ങൾ ഉണ്ടെന്നും, കുടുംബത്തോടൊപ്പം തുടരാൻ കഴിയില്ലെന്നും ഷഹദ പറഞ്ഞു. വീട്ടിൽ നിന്ന് ഇറങ്ങിപ്പോവുകയാണെന്ന് പറഞ്ഞപ്പോൾ യുവാവ് പിന്തിരിപ്പിക്കാൻ ശ്രമിച്ചെന്നും എന്നാൽ സഹായിച്ചാലും ഇല്ലെങ്കിലും താൻ പോകുമെന്ന് ഫാത്തിമ ഷഹദ പറഞ്ഞുവെന്നും റഹീമിന്റെ കുടുംബാംഗങ്ങൾ പറഞ്ഞു.
കഴിഞ്ഞ ദിവസം രാവിലെയാണ് റഹീം എടവണ്ണയിലെ വീട്ടിൽ നിന്നിറങ്ങിയതെന്നും ഇവർ പറഞ്ഞു. മുംബൈയിലേക്ക് പോകാനുള്ള കുട്ടികളുടെ പദ്ധതി മനസിലാക്കിയതോടെ റഹീം കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെത്തുകയായിരുന്നു എന്നാണ് പോലീസ് കണ്ടെത്തിയത്. റഹീമിനും മുംബൈയിലേക്കുള്ള ടിക്കറ്റുകൾ എടുത്തു നൽകിയത് കുട്ടികളാണ്.
മൂവരും മുംബൈയിൽ ട്രെയിനിറങ്ങിയപ്പോഴാണ് കേരളത്തിൽ ഇതൊരു വലിയ വാർത്തയായി മാറിയെന്നും പോലീസ് അന്വേഷിക്കുന്നുണ്ടെന്നും മനസിലായതെന്നും നാട്ടിലേക്ക് മടങ്ങാൻ ആവശ്യപ്പെട്ടുവെന്നുമാണ് യുവാവ് പിന്നീട് അറിയിച്ചത്.
ഇതിന് വിസമ്മതിച്ച കുട്ടികൾ പിന്നീട് തന്റെ അടുത്ത് നിന്ന് പോയെന്നും ഇയാൾ പോലീസിനോട് പറഞ്ഞു. വ്യാഴാഴ്ച രാത്രി തന്നെ റഹീം ട്രെയിനിൽ കേരളത്തിലേക്ക് മടങ്ങി.
ബുധനാഴ്ച മുതലാണ് ഫാത്തിമയെയും അശ്വതിയെയും കാണാതായത്. ബുധനാഴ്ച പരീക്ഷയ്ക്കായി വീട്ടില്‍നിന്ന് ഇരുവരും സ്കൂളിലേക്ക് പോയിരുന്നു. എന്നാല്‍, ഇരുവരും പരീക്ഷയ്ക്ക് ഹാജരായിരുന്നില്ല.
തുടര്‍ന്ന് അധ്യാപകര്‍ വീട്ടില്‍ വിളിച്ച് കാര്യം തിരക്കിയതോടെയാണ് പരീക്ഷയ്ക്കായി വീട്ടില്‍നിന്ന് ഇറങ്ങിയതാണെന്ന് വ്യക്തമായത്. തുടര്‍ന്ന് മാതാപിതാക്കള്‍ താനൂര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.