ജിഎസ്ടി അഡീ. കമ്മീഷണറുടെയും കുടുംബത്തിന്റെയും മരണം; സഹോദരിയെ സബ് കളക്ടർ പദവിയിൽനിന്നു പിരിച്ചുവിട്ട വിഷയമെന്നു സൂചന
Friday, February 21, 2025 9:51 PM IST
കാക്കനാട്: സെൻട്രൽ ജിഎസ്ടി ആൻഡ് കസ്റ്റംസ് കൊച്ചി ഓഡിറ്റ് കമ്മീഷണറേറ്റിലെ അഡീഷണൽ കമ്മീഷണർ മനീഷ് വിജയ് (43), സഹോദരി ശാലിനി വിജയ് (42), അമ്മ ശകുന്തള അഗർവാൾ (82) എന്നിവരുടെ കൂട്ട ആത്മഹത്യക്കു പിന്നിൽ സഹോദരിയെ സിവിൽ സർവീസിൽനിന്നു പിരിച്ചുവിട്ടതും, ജാർഖണ്ഡ് സിബിഐയുടെ നിരന്തരമുള്ള ചോദ്യം ചെയ്യലുമാണെന്നു സൂചന.
കാക്കനാട്ടെ ഔദ്യോഗിക വസതിയിൽ ഒന്നരവർഷമായി തനിച്ചു താമസിച്ചിരുന്ന മനീഷ് വിജയ് നാല് മാസങ്ങൾക്കു മുൻപാണ് അമ്മയെയും, സഹോദരി ശാലിനിയെയും കാക്കനാട്ടെ വസതിയിലേക്ക് കൊണ്ടുവന്നത്.
2006 ൽ ജാർഖണ്ഡ് പിഎസ്സി നടത്തിയ പൊതു പരീക്ഷയിൽ ഒന്നാം റാങ്കു നേടിയ ശാലിനി പട്ടികയിൽ ഇടം പിടിച്ചതിൽ ക്രമക്കേടു നടന്നതായി കണ്ടെത്തിയതോടെ സബ് കളക്ടർ പദവിയിൽനിന്നും ഇവരെ പിരിച്ചുവിട്ടതായും പറയപ്പെടുന്നു. അന്വേഷണത്തിന്റെ ഭാഗമായി സിബിഐ നിരന്തരം ചോദ്യം ചെയ്തു തുടങ്ങിയതും കുടുംബത്തെ മാനസിക സമ്മർദ്ദത്തിലാക്കി.
ഫെബ്രുവരി 15 ന് ജാർഖണ്ഡ് സിബിഐ വിളിപ്പിച്ചതിനെ തുടർന്ന് മനീഷ് തന്റെ ഓഫീസിൽ ഇക്കാര്യം ചൂണ്ടികാട്ടി ലീവെടുക്കുകയും ചെയ്തു. ലീവു കഴിഞ്ഞിട്ടും ഓഫീസിൽ ഹാജരാവാത്തതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് മൂവരെയും മരിച്ചനിലയിൽ കണ്ടെത്തിയത്.
കിടപ്പുമുറിയിലെ കട്ടിലിൽ പൂക്കൾ വിതറിയ നിലയിലാണ് മാതാവ് ശകുന്തളയുടെ മൃതദേഹം കണ്ടെത്തിയത്. മൂവരും ഒന്നിച്ചുള്ള ഫോട്ടോയും കിടക്കയിൽ ഉണ്ടായിരുന്നു. സഹോദരങ്ങൾ ആത്മഹത്യ ചെയ്യും മുൻപ് മാതാവിന്റെ മരണം സംഭവിച്ചതായി സാഹചര്യ തെളിവുകൾ നൽകുന്ന സൂചന. വിദേശത്തുള്ള സഹോദരിയെ മരണവാർത്ത അറിയിക്കണമെന്ന് ആത്മഹത്യാകുറിപ്പിൽ ഉള്ളതായി പോലീസ് പറഞ്ഞു. മനീഷിന്റെ പിതാവ് ഇവരുടെ വളരെ ചെറുപ്പത്തിൽ തന്നെ മരണപ്പെട്ടതാണ്. അമ്മയാണ് നാലു മക്കളെയും വളർത്തിയത് ഒരു ഒരു മകൻ നേരത്തെ മരണപ്പെട്ടു. ശാലിനിയും മനീഷും അവിവാഹിതരായിരുന്നു.
മരണശേഷവും രേഖകൾ ഒന്നും അവശേഷിക്കരുതെന്ന കണക്കുകൂട്ടിലിൽ ഇവയെല്ലാം ഗ്യാസ് അടുപ്പിൽ കത്തിച്ച നിലയിലായിരുന്നു. ഇവശാലിനിയുടെതാണെന്നും സൂചനയുണ്ട്. കമ്മീഷണറേറ്റിലെ ഉയർന്ന ഉദ്യോഗസ്ഥരെയും ഉന്നത പോലീസ് സംഘം ചോദ്യം ചെയ്യും. ജോലിസ്ഥലത്ത് ഇയാൾക്കു മറ്റു സമ്മർദ്ദങ്ങൾ ഉണ്ടായിട്ടുണ്ടോ എന്നും അന്വേഷിക്കുമെന്നാണ് സൂചന. മൃതദേഹങ്ങൾ ഇന്നലെ രാത്രി വൈകി കളമശേരി മെഡിക്കൽ കോളജിലേക്ക് മാറ്റി. തൃക്കാക്കര അസി കമ്മീഷണർ പി.വി ബേബി, ഇൻസ്പെക്ടർ എ.കെ സുധീർ എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘവും, ഫൊറൻസിക് വിധഗ്ദരും ചേർന്നാണ് തെളിവുകൾ ശേഖരിക്കുന്നത്.