ഡൽഹി റെയിൽവേ സ്റ്റേഷൻ ദുരന്തം; ദൃശ്യങ്ങൾ നീക്കംചെയ്യാൻ എക്സിന് നിർദേശം
Friday, February 21, 2025 5:03 PM IST
ന്യൂഡൽഹി: ഡൽഹി റെയിൽവേ സ്റ്റേഷനിൽ തിക്കിലും തിരക്കിലുംപെട്ട് കുംഭമേളയ്ക്ക് പോകാനെത്തിയ യാത്രക്കാർ മരിച്ച സംഭവത്തിന്റെ ദൃശ്യങ്ങൾ നീക്കംചെയ്യാൻ എക്സിന് നിർദേശം. റെയിൽവേ മന്ത്രാലയമാണ് ഇതുസംബന്ധിച്ച് എക്സിന് നിർദേശം നൽകിയത്.
ദുരന്തം വ്യക്തമാക്കുന്ന 285 ലിങ്കുകൾ നീക്കംചെയ്യാനാണ് നിർദേശിച്ചിരിക്കുന്നത്. പ്രയാഗ്രാജിലെ മഹാകുംഭമേളയ്ക്ക് പോകാൻ ആളുകൾ കൂട്ടത്തോടെ റെയിൽവേ സ്റ്റേഷനിൽ എത്തിയിരുന്നു. അനൗൺസ്മെന്റിൽ സംഭവിച്ച പിഴവാണ് അപകടത്തിനു കാരണമായത്.
18 പേരാണ് തിക്കിലും തിരക്കിലുംപെട്ട് മരിച്ചത്. തിരക്കിലമര്‍ന്ന് വീണ് ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റിരുന്നു.
കുംഭമേളയുമായി ബന്ധപ്പെട്ട് രണ്ട് പ്രത്യേക ട്രെയിനുകള്‍ റെയില്‍വേ സജ്ജീകരിച്ചിരുന്നു. ഈ ട്രെയിനുകള്‍ സ്റ്റേഷനിലേക്കെത്തിയപ്പോഴാണ് വലിയ തിക്കും തിരക്കും അനുഭവപ്പെട്ടതെന്നാണ് വിവരം.