ഇന്‍വെസ്റ്റ് കേരള ആഗോള ഉച്ചകോടിക്ക് ഇന്നു തുടക്കം
Friday, February 21, 2025 8:57 AM IST
കൊച്ചി: കേരളത്തിലെ സംരംഭകമേഖലയിൽ പുതിയ ദിശാബോധം പകരുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ഇന്‍വെസ്റ്റ് കേരള ആഗോള ഉച്ചകോടി (ഐകെജിഎസ്) ക്ക് ഇന്നു തുടക്കമാകും.
കൊച്ചി ലുലു ബോള്‍ഗാട്ടി ഇന്റര്‍നാഷണല്‍ കണ്വന്ഷന് സെന്ററില്‍ നടക്കുന്ന ദ്വിദിന ഉച്ചകോടി രാവിലെ പത്തിന് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും.
കേന്ദ്ര, സംസ്ഥാന മന്ത്രിമാര്‍, പ്രതിപക്ഷ നേതാവ്, വിദേശ പ്രതിനിധികള്‍, ഉന്നത സർക്കാർ ഉദ്യോഗസ്ഥർ, വ്യവസായ പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. വിവിധ വ്യവസായ സംഘടനകളുടെ സഹകരണത്തോടെ സംസ്ഥാന സര്‍ക്കാരാണ് ഇന്‍വെസ്റ്റ് കേരള ഉച്ചകോടി സംഘടിപ്പിക്കുന്നത്.
ഉച്ചകോടിയിൽ പങ്കെടുക്കുന്ന മന്ത്രിമാർ അടക്കമുള്ള വിദേശ പ്രതിനിധികൾ ഇന്നലെ കൊച്ചിയിലെത്തി. 28 പ്രത്യേക സെഷനുകളുള്ള ഉച്ചകോടിയിൽ 3000 പ്രതിനിധികളാണു പങ്കെടുക്കുന്നത്.
അധിക ശ്രദ്ധ ആറു രാജ്യങ്ങളിൽ
ഇന്‍വെസ്റ്റ് കേരള ആഗോള ഉച്ചകോടിയിൽ ജര്‍മനി, വിയറ്റ്നാം, നോര്‍വേ, ഓസ്ട്രേലിയ, മലേഷ്യ, ഫ്രാന്‍സ് എന്നീ ആറു രാജ്യങ്ങള്‍ കണ്ട്രി പങ്കാളികളാണ്.
ഈ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളുമായി മുഖ്യമന്ത്രി ഉൾപ്പെടെ കേരളത്തിലെ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും പ്രത്യേക കൂടിക്കാഴ്ചകള്‍ നടക്കും. ഈ രാജ്യങ്ങളിൽനിന്നു കേരളത്തിലേക്ക് പുതിയ നിക്ഷേപങ്ങൾ പ്രതീക്ഷിക്കപ്പെടുന്നുണ്ട്.ഉച്ചകോടിയിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി ഉൾപ്പെടെ മന്ത്രിസഭയിലെ എല്ലാവരും കൊച്ചിയിലെത്തും.
സർക്കാരിന്റെ അഭിമാന പരിപാടിയായി മാറിക്കഴിഞ്ഞ ഉച്ചകോടിയിൽ മുഖ്യമന്ത്രി മുഴുവൻ സമയവും പങ്കെടുക്കുന്നു എന്ന പ്രത്യേകതയുണ്ട്. പിണറായി വിജയൻ ഇന്നലെ വൈകുന്നേരംതന്നെ കൊച്ചിയിലെത്തി. പി. രാജീവ് ഉൾപ്പെടെ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരുമായി അദ്ദേഹം ഉച്ചകോടിയുടെ ഒരുക്കങ്ങൾ വിലയിരുത്തി.
ഇന്നു രാവിലെ പത്തിന് ഉച്ചകോടി ഉദ്ഘാടനം ചെയ്യുന്നതും മുഖ്യമന്ത്രിയാണ്. ഇന്നും നാളെയുമായി എല്ലാ മന്ത്രിമാരും ഉച്ചകോടിയുടെ ഭാഗമാകുമെന്ന് മന്ത്രി പി. രാജീവ് അറിയിച്ചു.
വി.ഡി. സതീശൻ ഉൾപ്പെടെ പ്രതിപക്ഷനിരയിലെ പ്രമുഖരും ഉച്ചകോടിയിൽ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ചീഫ് സെക്രട്ടറിയും പ്രധാന വകുപ്പുകളുടെ സെക്രട്ടറിമാരും ഇന്നും നാളെയും കൊച്ചിയിലുണ്ടാകും.