കാറ്റഗറി ഒന്നിൽപ്പെടുന്ന വ്യവസായങ്ങൾക്ക് പഞ്ചായത്ത് ലൈസൻസ് ആവശ്യമില്ല: എം.ബി.രാജേഷ്
Thursday, February 20, 2025 3:44 PM IST
തിരുവനന്തപുരം: വ്യവസായ സംരഭങ്ങളിലെ പഞ്ചായത്തിന്റെ അധികാരങ്ങൾ വെട്ടിക്കുറച്ച് സർക്കാർ. കാറ്റഗറി ഒന്നിൽപ്പെടുന്ന സംരംഭങ്ങൾക്ക് പഞ്ചായത്തിന്റെ ലൈസൻസ് ആവശ്യമില്ലെന്നും രജിസ്ട്രേഷൻ മാത്രം മതിയെന്നും മന്ത്രി എം.ബി.രാജേഷ് വാർത്താസമ്മേളനത്തിൽ അറിയിച്ചു.
എലപ്പുള്ളിയിലെ ബ്രൂവറി പദ്ധതി കാറ്റഗറി ഒന്നിലാണോന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് അത് തനിക്ക് നോക്കിയാലേ പറയാൻ കഴിയൂവെന്നായിരുന്നു മന്ത്രിയുടെ മറുപടി. സംരംഭകത്തെ പ്രോത്സാഹിപ്പിക്കുന്നതിനായാണ് തദ്ദേശ ചട്ടങ്ങളില്‍ മാറ്റം വരുത്താനുള്ള തീരുമാനമെന്നും മന്ത്രി പറഞ്ഞു.
ഈസ് ഓഫ് ഡൂയിംഗ് ബിസിനസുമായി ബന്ധപ്പെട്ട് 47 പരിഷ്കരണ നടപടികള്‍ ഇതിനകം സ്വീകരിച്ചിട്ടുണ്ട്. കേരളത്തിന്റെ ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് റാങ്കിംഗില്‍ ഈ ഇടപെടല്‍ സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. സേവന ഗുണമേന്മയില് ഒന്നാം സ്ഥാനം കൈവരിക്കാന്‍ കഴിഞ്ഞു.
കെട്ടിട നിര്‍മാണ പെര്‍മിറ്റ് ഫീസില്‍ 60 ശതമാനം വരെ കുറവ് വരുത്തുകയും ചെയ്തു. ഈസ് ഓഫ് ഡൂയിംഗ് ബിസിനസിലെ കുതിപ്പിന് സുപ്രധാനമായ പങ്ക് വഹിക്കാന്‍ കെ.സ്മാര്ട്ടിന് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.