പാതിവില തട്ടിപ്പ് കേസ്: ആനന്ദകുമാറിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കും
Thursday, February 20, 2025 1:58 PM IST
കൊച്ചി: പാതിവില തട്ടിപ്പ് കേസില്‍ സായിഗ്രാം ഗ്ലോബല്‍ ട്രസ്റ്റ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ കെ.എന്‍. ആനന്ദകുമാറിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാനൊരുങ്ങി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി).
ആനന്ദകുമാറിന് രണ്ട് കോടി രൂപ നല്‍കിയതായി കേസില്‍ അറസ്റ്റിലായ പ്രതി അനന്തുകൃഷ്ണന് വെളിപ്പെടുത്തിയിരുന്നു. ഇതിനു പുറമേ ഒരോമാസവും ആനന്ദകുമാറിന് 10 ലക്ഷം രൂപ നല്‍കിയിരുന്നതായും അന്വേഷണസംഘത്തോട് വെളിപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇയാളുടെ ബാങ്ക് വിവരങ്ങള്‍ പരിശോധിച്ച ശേഷം അക്കൗണ്ട് മരവിപ്പിക്കാനുള്ള നടപടികളിലേക്ക് ഇഡി കടക്കാനൊരുങ്ങുന്നത്.
കേസുമായി ബന്ധപ്പെട്ട് ആനന്ദകുമാറിനെ ഇഡി ചോദ്യം ചെയ്യും. കഴിഞ്ഞ ദിവസത്തെ പരിശോധനകള്‍ക്ക് പിന്നാലെ ചോദ്യം ചെയ്യേണ്ടവരുടെ അടക്കം വിവരങ്ങള്‍ തയാറാക്കി വരികയാണ്. ആനന്ദകുമാറിന് പുറമേ അഡ്വ. ലാലി വിന്‍സെന്റിനെ വീണ്ടും ചോദ്യം ചെയ്തേക്കും.