രാഷ്ട്രീയ യജമാനന്മാർക്കുവേണ്ടി ഗവർണർമാര്‍ രാഷ്ട്രീയം കളിക്കുന്നുവെന്ന് മുഖ്യമന്ത്രി
Thursday, February 20, 2025 1:22 PM IST
തിരുവനന്തപുരം: യുജിസി കരട് നിര്‍ദേശങ്ങള്‍ ഫെഡറലിസത്തെ തകര്‍ക്കുന്നതാണെന്നും സംസ്ഥാനങ്ങളെ പൂര്‍ണമായും ഒഴിവാക്കാനാണ് യുജിസിയുടെ ശ്രമമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.
യുജിസി കരട് റെഗുലേഷനെതിരെ ബിജെപി ഇതര സംസ്ഥാനങ്ങളെ അണിനിരത്തി സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന ദേശീയ കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. നിയമസഭ മന്ദിരത്തിൽ നടക്കുന്ന കണ്‍വൻഷനിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും പങ്കെടുത്തു.
യുജിസി കരട് നിര്‍ദേശങ്ങളിലെ വിസി നിയമന നിര്‍ദേശങ്ങളോടാണ് പ്രധാന എതിര്‍പ്പെന്ന് മുഖ്യമന്ത്രി പറഞ്ഞു. കരട് നിര്‍ദേശം ആരെയും വിസിയാക്കാൻ ചാന്‍സിലര്‍ക്ക് അധികാരം നൽകുന്നതാണ്. നിയമസഭകളുടെ അധികാരത്തെയാണ് ഇത് വെല്ലുവിളിക്കുന്നത്.
ഗവര്‍ണര്‍മാര്‍ക്കെതിരെയും മുഖ്യമന്ത്രി വിമര്‍ശനം ഉന്നയിച്ചു. ബിജെപി ഇതര സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാര്‍ സംസ്ഥാന സര്‍ക്കാരുകളെ സമ്മര്‍ദത്തിലാക്കാൻ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
നിയമസഭ പാസാക്കുന്ന ബില്ലുകളിൽ ഗവര്‍ണര്‍മാര്‍ തീരുമാനമെടുക്കാൻ വൈകുകയാണ്. രാഷ്ട്രീയ യജമാനന്മാര്ക്കുവേണ്ടി ഗവര്‍ണര്‍മാര്‍ രാഷ്ട്രീയം കളിക്കുകയാണ്. കേരളത്തിലും സമാന സ്ഥിതിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഗവര്‍ണര്‍മാര്‍ ചാൻസിലര്‍ എന്ന നിലയ്ക്ക് രാഷ്ട്രീയ ഇടപെടൽ നടത്തുകയാണ്. കരട് നിര്‍ദേശത്തിൽ തിരുത്തൽ വേണമെന്നും ഉന്നത വിദ്യാഭ്യാസ മേഖലയെ വാണിജ്യവത്കരിക്കാനാണ് നീക്കമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.