മുഖ്യമന്ത്രിക്കെതിരേ ഒരക്ഷരം മിണ്ടാനുള്ള നട്ടെല്ല് ആര്‍ജെഡിക്കും സിപിഐക്കും നഷ്ടമായി: ചെന്നിത്തല
Thursday, February 20, 2025 11:13 AM IST
തിരുവനന്തപുരം: എലപ്പുള്ളിയില്‍ മദ്യനിര്മാണശാലക്കുള്ള അനുമതിയില്‍ നിന്ന് പിന്നോട്ടില്ലെന്ന് ഇടതുമുന്നണി യോഗത്തില്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ച സംഭവത്തിൽ പ്രതികരണവുമായി രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പറയുന്നതിനെതിരേ ഒരക്ഷരം മിണ്ടാനുള്ള നട്ടെല്ല് ആര്‍ജെഡിക്കും സിപിഐക്കും നഷ്ടമായെന്ന് ചെന്നിത്തല വിമര്‍ശിച്ചു.
എലപ്പുള്ളിയില്‍ മദ്യനിര്‍മാണശാല തുടങ്ങാനുള്ള തീരുമാനം ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ഇത് ജനങ്ങളുടെ താത്പര്യത്തിന് വിരുദ്ധമാണെന്ന് കണ്ടാണ് സിപിഐ അടക്കമുള്ള ഘടകക്ഷികള്‍ ഇതിനെതിരേ പരസ്യ നിലപാടെടുത്തത്.
എന്നാല്‍ ഇടതുമുന്നണി യോഗം ചേര്‍ന്നപ്പോള്‍ സായിപ്പിനെ കാണുമ്പോള്‍ കവാത്ത് മറക്കുന്ന അവസ്ഥയിലായിരുന്നു സിപിഐയും ആര്‍ജെഡിയും. അവര്‍ ഒരക്ഷരം പോലും ഉരിയാടിയില്ല.
ഇവരുടെ നിലപാട് മാറ്റത്തിന് കാരണം എല്ലാവര്ക്കും ബോധ്യമുണ്ട്. മുഖ്യമന്ത്രിക്കെതിരേ സംസാരിക്കാനുള്ള നട്ടെല്ല് ഇവര്‍ക്ക് നഷ്ടമായി. ഒയാസിസ് കമ്പനി കാണേണ്ടതുപോലെ കണ്ടപ്പോഴോണോ നിലപാട് മാറ്റിയതെന്ന് താൻ സംശയിക്കുന്നതായും ചെന്നിത്തല പറഞ്ഞു.