46 ദിവസത്തിന് ശേഷം വീട്ടിലേക്ക്; ഉമ തോമസ് എംഎല്‍എ ആശുപത്രി വിട്ടു
Thursday, February 13, 2025 5:50 PM IST
കൊച്ചി: 46 ദിവസത്തെ ചികിത്സയ്ക്ക് ശേഷം ഉമ തോമസ് എംഎല്‍എ ആശുപത്രി വിട്ടു. ഡിസംബർ 29ന് കലൂർ സ്റ്റേഡിയത്തിൽ ദിവ്യ ഉണ്ണിയുടെ നേതൃത്വത്തിൽ നടത്തിയ നൃത്ത പരിപാടി കാണുന്നതിനിടെയാണ് എംഎല്‍എ വേദിയിൽ നിന്ന് 15 അടി താഴ്ചയിലേക്ക് വീണ് പരിക്കേറ്റത്.
അപകടത്തിൽ വാരിയെല്ല് പൊട്ടുകയും തലച്ചോറിന് പരിക്കേൽക്കുകയും ചെയ്തിരുന്നു. ശ്വാസകോശത്തിന് പുറത്തെ നീർക്കെട്ട് കാരണം എംഎൽഎ ആശുപത്രിയിൽ തുടരുകയായിരുന്നു. നിലവിൽ ആരോഗ്യ സ്ഥിതി തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
ആശുപത്രി അധികൃതർക്കും ഡോക്ടർമാർക്കും നന്ദി അറിയിച്ചശേഷമാണ് ഉമ തോമസ് ആശുപത്രി വിട്ടത്. ദൈവത്തിന്റെ അനുഗ്രഹവും ഡോക്ടര്‍മാരുടെയും മറ്റു ആരോഗ്യപ്രവര്‍ത്തകരുടെയും കുടുംബത്തിന്റെയും പരിചരണവും കൊണ്ടാണ് വലിയ അപകടത്തിൽ നിന്ന് കരകയറാനായതെന്നും എല്ലാവരും തന്റെ കൂടെ നിന്നുവെന്നും എല്ലാവര്ക്കും നന്ദിയുണ്ടെന്നും ഉമ തോമസ് എംഎൽഎ പറഞ്ഞു.
ഡിസ്ചാർജിന് ശേഷം എറണാകുളം പൈപ്പ് ലൈനിലെ വാടക വീട്ടിലേക്കാണ് എംഎൽഎ പോവുക. ഏതാനും ആഴ്ച്ചകള്‍ കൂടി ഡോക്ടര്‍മാര്‍ വിശ്രമം നിര്‍ദേശിച്ചതിനാൽ എംഎൽഎ പൊതുപരിപാടികളിൽ ഉടൻ പങ്കെടുക്കില്ല.