ഹമാസ് ഭീകരർ തട്ടിക്കൊണ്ടുപോയ ബന്ദികളെ ഇന്ന് മോചിപ്പിക്കും
Saturday, February 1, 2025 4:40 AM IST
ടെൽ അവീവ്: ഗാസയിലെ ഹമാസ് ഭീകരർ തട്ടിക്കൊണ്ടുപോയ മൂന്ന് ഇസ്രേലി ബന്ദികളെക്കൂടി ഇന്ന് മോചിപ്പിക്കും. ഗാസയിൽനിന്നു തട്ടിക്കൊണ്ടുപോയ യാർദൻ ബിബാസ് (35), കീത്ത് സീഗൽ (65), ഒഫീർ കാൽഡെറോൺ (54) എന്നിവരെയാണ് ഇന്നു വിട്ടയയ്ക്കുക.
2023 ഒക്ടോബർ ഏഴിന് തെക്കൻ ഇസ്രയേലിൽ ആക്രമണം നടത്തിയ ഹമാസ് ഭീകരർ യാർദൻ ബിബാസ്, ഭാര്യ ഷിരി, ആൺമക്കളായ കഫീർ (ഒന്പതു മാസം), ഏരിയൽ (നാല്) എന്നിവരെ തട്ടിക്കൊണ്ടുപോകുകയായിരുന്നു. യാദർദൻ ബിബാസിനെ മോചിപ്പിക്കുന്പോൾ ബാക്കിയുള്ളവരുടെ അവസ്ഥ എന്തെന്നു ഹമാസ് വ്യക്തമാക്കിയിട്ടില്ല.
ഇസ്രേലി ബോംബാക്രമണത്തിൽ ഇവർ കൊല്ലപ്പെട്ടതായി ഹമാസ് നേരത്തെ പറഞ്ഞിരുന്നു. ഇന്നു മോചിതനാകുന്ന കീത്ത് സീഗലിന് അമേരിക്കൻ പൗരത്വവുമുണ്ട്. ഇദ്ദേഹത്തിനൊപ്പം തട്ടിക്കൊണ്ടുപോകപ്പെട്ട ഭാര്യ അവീവയെ 2023 നവംബറിലെ വെടിനിർത്തലിൽ മോചിപ്പിച്ചിരുന്നു.
ഒഫീർ കാൾഡെറോണിന്റെ മക്കളായ എരെസ്, സഹർ എന്നിവരെയും തട്ടിക്കൊണ്ടുപോയിരുന്നു. മക്കളെ ആദ്യ വെടിനിർത്തലിൽ മോചിപ്പിച്ചിരുന്നു.