ഒരുമിച്ച് കഴിയാൻ സഹതടവുകാർക്ക് മടി; ചെന്താമരയെ വിയ്യൂർ ജയിലിലേക്ക് മാറ്റി
Thursday, January 30, 2025 10:53 PM IST
പാലക്കാട്: നെന്മാറ ഇരട്ട കൊലപാതകക്കേസ് പ്രതി ചെന്താമരയെ ആലത്തൂർ സബ്ജയിലിൽ നിന്നു വിയൂർ സെൻട്രൽ ജയലിലേക്കു മാറ്റി. വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിലെ ഒറ്റ സെല്ലിലേക്കാണ് മാറ്റിയത്.
കൂടെ കഴിയാൻ സഹതടവുകാർ വിമുഖത കാണിച്ചിരുന്നു. ഇതോടെയാണ് സുരക്ഷാ പ്രശ്നങ്ങളുണ്ടെന്ന് കാട്ടി ജയിൽ അധികൃതർ കോടതിയിൽ അപേക്ഷ നൽകിയത്. ഇത് ആലത്തൂർ കോടതി അംഗീകരിക്കുകയായിരുന്നു.
2019ലെ സജിത കൊലപാതകത്തിൽ വിയ്യൂർ സെൻട്രൽ ജയിലിൽ വിചാരണത്തടവുകാരനായിരിക്കെയാണ് ജാമ്യംനേടി പുറത്തിറങ്ങി ചെന്താമര ഇരട്ടക്കൊലപാതകം നടത്തിയത്. പ്രതിയായ ചെന്താമര മനസ്താപമില്ലാത്ത കുറ്റവാളിയാണെന്ന് പോലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടിൽ പറയുന്നു.
തന്റെ പദ്ധതി കൃത്യമായി നടപ്പാക്കിയതിന്റെ സന്തോഷത്തിലാണ് പ്രതിയെന്നും കൊല നടത്തിയത് കൃത്യമായ ആസൂത്രണത്തോടെയാണെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടിൽ പറയുന്നു. മുൻവൈരാഗ്യം വെച്ച് ആസൂത്രണത്തോടെ നടത്തിയ കൊലയാണെന്നും റിപ്പോര്‍ട്ടിലുണ്ട്.