രണ്ടര വയസുകാരിയുടെ കൊലപാതകം; അമ്മാവൻ അറസ്റ്റിൽ, അമ്മയെ തത്കാലം വിട്ടയച്ചു
Thursday, January 30, 2025 7:24 PM IST
തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടര വയസുകാരി ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ അമ്മാവനെ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയെ എന്തിനാണ് കൊന്നത് എന്ന കാര്യത്തിൽ അമ്മാവനായ ഹരികുമാർ വ്യക്തമായ മറുപടി നൽകുന്നില്ലെന്ന് പോലീസ് പറഞ്ഞു.
സംഭവത്തിൽ കുഞ്ഞിന്റെ അമ്മ ശ്രീതുവിന് പങ്കുണ്ടോ എന്ന് അന്വേഷിക്കുകയാണെന്നും ഇവരെ തത്കാലം വിട്ടയച്ചെന്നും നെയ്യാറ്റിന്‍കര ഡിവൈഎസ്പി എസ്.ഷാജി പറഞ്ഞു. എന്തിന് വേണ്ടിയായിരുന്നു ക്രൂരകൃത്യമെന്നതിൽ ഇപ്പോഴും അവ്യക്തത തുടരുകയാണ്.
അച്ഛനും അമ്മയ്ക്കും സഹോദരിക്കും ഒപ്പം രാത്രി ഉറങ്ങാൻ കിടന്ന ദേവേന്ദുവിനെ വ്യാഴാഴ്ച രാവിലെ കാണാതാവുകയായിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിൽ കുഞ്ഞിന്റെ മൃതദേഹം വീട്ടുമുറ്റത്തെ കിണറ്റിൽ കണ്ടെത്തുകയായിരുന്നു.
കുട്ടിയെ ജീവനോടെ കിണറ്റിലെറിഞ്ഞ് കൊല്ലുകയായിരുന്നു എന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായി. പ്രാഥമിക മൊഴികളിൽ പൊരുത്തക്കേടുകൾ നിറഞ്ഞതോടെ അമ്മ ശ്രീതുവിനെയും അച്ഛൻ ശ്രീജിതിനെയും മുത്തശ്ശി ശ്രീകലയെയും അമ്മയുടെ സഹോദരൻ ഹരികുമാറിനെയും കസ്റ്റഡിയിലെടുത്തു.
വേവ്വേറേയിരുത്തിയുള്ള ചോദ്യം ചെയ്യലിലും മൊഴിൽ വൈരുദ്ധ്യം കണ്ടെത്തിയിരുന്നു. തുടർന്ന് വിശദമായ ചോദ്യം ചെയ്യലിലാണ് ഹരികുമാർ കുറ്റം സമ്മതിച്ചതെന്ന് പോലീസ് പറഞ്ഞു. ഹരികുമാറും ശ്രീതുവും തമ്മിലുള്ള വാട്സാപ് സന്ദേശങ്ങള്‍ ഉള്‍പ്പെടെ പോലീസ് പരിശോധിച്ചുവരുകയാണ്.