സ്കൂള്‍ ബസിലെ കത്തിക്കുത്ത്: വിദ്യാർഥിയെ ഇന്ന് ജുവനൈൽ കോടതിയിൽ ഹാജരാക്കും
Thursday, January 30, 2025 9:28 AM IST
തിരുവനന്തപുരം: തലസ്ഥാനത്ത് സ്കൂൾ ബസിനുള്ളിൽ വിദ്യാർഥിക്ക് കുത്തേറ്റ സംഭവത്തിൽ 16കാരനായ പ്ലസ് വൺ വിദ്യാർഥിയെ ഇന്ന് ജുവനൈൽ കോടതിയിൽ ഹാജരാക്കും. തുടർന്ന് പൂജപ്പുര ജുവനൈൽ ഹോമിലേക്ക് മാറ്റാനാണ് സാധ്യത.
വട്ടിയൂർക്കാവ് പോലീസ് കസ്റ്റഡിയിലെടുത്ത കുട്ടിയെ ബുധനാഴ്ച വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. പെട്ടെന്നുണ്ടായ ദേഷ്യത്തിൽ ഒൻപതാം ക്ലാസുകാരനെ കുത്തുകയായിരുന്നുവെന്നാണ് വിദ്യാർഥി മൊഴിനല്‍കിയത്.
ബുധനാഴ്ച വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബസിനുള്ളിൽ വിദ്യാർഥികൾ തമ്മിലുണ്ടായ വാക്കുതർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. ബയോളജി പ്രാക്ടിക്കൽ ലാബിനായി കരുതിയിരുന്ന കത്തികൊണ്ട് പ്ലസ് വൺ വിദ്യാർഥി ഒൻപതാം ക്ലാസുകാരന്റെ കഴുത്തിലും കവിളിലും കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു.