ഭർത്താവിന്റെ ക്രൂരപീഡനത്തിൽ മനംനൊന്ത് യുവതി ജീവനൊടുക്കി
Wednesday, January 29, 2025 2:04 AM IST
മുംബൈ: മഹാരാഷ്ട്രയിലെ നാഗ്പൂരിൽ ഭർത്താവിന്റെ പീഡനത്തിൽ മനംനൊന്ത് 24കാരിയായ യുവതി ജീവനൊടുക്കി. ഈ മാസം 24 ന് നടന്ന സംഭവത്തെ തുടർന്ന് 32 കാരനായ ഭർത്താവിനെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി പോലീസ് കേസെടുത്തു.
മരിക്കുന്നതിന് മുൻപ് വീഡിയോ കോൾ ചെയ്ത് സംഭവത്തെക്കുറിച്ച് യുവതി അമ്മയോട് വിവരിച്ചിരുന്നു. നാഗ്പുരിലെ ഓൾഡ് ബഗദ്ഗഞ്ച് പ്രദേശത്തെ താമസക്കാരിയായ യുവതി, കഴിഞ്ഞ വർഷം ജൂൺ ഏഴിനാണ് വിവാഹിതയായത്.
വിവാഹം കഴിഞ്ഞയുടൻ തന്നെ ഭർത്താവ് യുവതിയെ ഉപദ്രവിക്കാൻ തുടങ്ങി. കൂടാതെ മാതാപിതാക്കളുമായി സംസാരിക്കാനും ഇയാൾ യുവതിയെ അനുവദിച്ചിരുന്നില്ല.
ജനുവരി 24 ന് രാവിലെ 10.45 ഓടെ, പാർഡി ഏരിയയിലെ ജയ് ദുർഗ നഗറിൽ താമസിക്കുന്ന അമ്മയെ വീഡിയോ കോൾ ചെയ്ത യുവതി, ഭർത്താവിന്റെ പീഡനത്തെക്കുറിച്ച് വിശദമായി പറഞ്ഞു. പിന്നീട്, അതേ ദിവസം രാത്രി 11 ഓടെ യുവതി വീട്ടിലെ സീലിംഗ് ഫാനിൽ തൂങ്ങിമരിക്കുകയായിരുന്നു.