ശമ്പളം ചൊവ്വാഴ്ച നൽകും; റേഷൻ വ്യാപാരികളുടെ സമരം പിൻവലിച്ചു
Monday, January 27, 2025 5:13 PM IST
തിരുവനന്തപുരം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് റേഷൻ വ്യാപാരികൾ ആരംഭിച്ച അനിശ്ചിതകാല സമരം പിൻവലിച്ചു. മന്ത്രി ജി.ആർ.അനിലുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് സമരം പിൻവലിച്ചത്.
ഇന്നു തന്നെ പരമാവധി റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കും. ചൊവ്വാഴ്ച മുതല്‍ സാധാരണനിലയില്‍ റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കുമെന്നും മന്ത്രി അറിയിച്ചു. വേതന പാക്കേജ് പരിഷ്കരിക്കുക, കേന്ദ്ര സർക്കാർ ഡയറക്റ്റ് പേയ്മെന്റ് സംവിധാനം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് അനിശ്ചിതകാല സമരം ആരംഭിച്ചത്.
ഡിസംബർ മാസത്തെ ശമ്പളത്തിലാണ് ധാരണയായത്. ശമ്പളം നാളെ തന്നെ നൽകുമെന്ന് മന്ത്രി അറിയിച്ചു. ശമ്പളം നാളെ തന്നെ അനുവദിക്കാമെന്ന് ധനമന്ത്രി ഉറപ്പു നൽകിയതായി മന്ത്രി സമരക്കാരെ അറിയിച്ചു.
റേഷൻ വ്യാപാരികളുടെ വേതനവർധന സംബന്ധിച്ച റിപ്പോർട്ട് സർക്കാർ പഠിക്കുകയാണെന്നും മാർച്ച് മാസത്തോടെ വിഷയത്തിൽ തീരുമാനമെടുക്കാമെന്നും ധാരണയായി. ഇതോടെയാണ് അനിശ്ചിതകാലം സമരം പിൻവലിക്കാൻ തീരുമാനിച്ചത്.