ആശ്വാസം; കിണറ്റിൽ വീണ കൊമ്പനെ കരയ്ക്കെത്തിച്ചു
Thursday, January 23, 2025 10:09 PM IST
മലപ്പുറം: ഊർങ്ങാട്ടിരിയിൽ കിണറ്റിൽ വീണ കാട്ടാനയെ കരയ്ക്കെത്തിച്ചു. കിണറിന്റെ ഒരു ഭാഗം പൊളിച്ച് കരയ്ക്ക് എത്തിച്ച ആനയുടെ ആരോഗ്യനില മോശമാണെന്ന് ഡിഎഫ്ഒ അറിയിച്ചു. 20 മണിക്കൂറോളം കിണറ്റിൽ കുടുങ്ങിയശേഷമാണ് കാട്ടാന കരയ്ക്ക് കയറിയത്.
വ്യാഴാഴ്ച പുലർച്ചെയാണ് ഊർങ്ങാട്ടിരിയിലെ കൂരങ്കല്ല് സണ്ണിയുടെ കൃഷിയിടത്തിലെ കിണറ്റിൽ ആന വീണത്. കിണറിന്റെ ഉടമയ്ക്ക് ഒന്നരലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്ന ഉറപ്പിൻമേലാണ് പ്രതിഷേധം അവസാനിപ്പിച്ച് കിണറിന്റെ ഒരു ഭാഗം പൊളിക്കാൻ നാട്ടുകാർ സമ്മതിച്ചത്.
അറുപതംഗ വനംവകുപ്പ് സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം. കരയിലെത്തിയ ആനയെ പടക്കം പൊട്ടിച്ച് ഉള്‍വനത്തിലേക്ക് കയറ്റാനുള്ള ശ്രമം തുടരുകയാണ്.