ആനയെ കിണറ്റിൽ തന്നെ മണ്ണിട്ട് മൂടണമെന്നാണ് അഭിപ്രായം: പി.വി. അൻവർ
Thursday, January 23, 2025 12:07 PM IST
മലപ്പുറം: ഊർങ്ങാട്ടിരിയിൽ കൃഷിയിടത്തിലെ കിണറ്റിൽ കാട്ടാന വീണ സംഭവത്തിൽ വനംവകുപ്പിനും സർക്കാരിനുമെതിരേ രൂക്ഷ വിമർശനവുമായി നിലമ്പുർ മുൻ എംഎൽഎ പി.വി. അൻവർ. ആനയെ കിണറ്റിൽ തന്നെ മണ്ണിട്ട് മൂടണമെന്നാണ് തന്റെ അഭിപ്രായമെന്ന് അദ്ദേഹം വ്യക്തമാക്കി.
ആന ചവിട്ടിക്കൊല്ലുമ്പോൾ കൊടുക്കാനുള്ള അഞ്ചുലക്ഷം രൂപയുടെ ചെക്ക് ഒപ്പിട്ടു വച്ചിരിക്കുകയാണ് വനംവകുപ്പ്. ഇവിടെ വനംവകുപ്പ് ഓഫീസുകൾ പ്രവർത്തിക്കാൻ ജനങ്ങൾ അനുവദിക്കരുതെന്നും അൻവർ കൂട്ടിച്ചേർത്തു.
ഇന്നു പുലർച്ചെയാണ് ഊർങ്ങാട്ടിരിയിലെ കൃഷിയിടത്തിലെ കിണറ്റിൽ കാട്ടാന വീണത്. കൂരങ്കല്ല് സണ്ണിയുടെ കൃഷിയിടത്തിലെ കിണറ്റിലാണ് ആന വീണത്. തുടർന്ന് വനംവകുപ്പും പോലീസും സ്ഥലത്ത് എത്തിയിട്ടുണ്ട്.
കാട്ടാനയെ കരയ്ക്കെത്തിച്ച ശേഷം മയക്കുവെടി വയ്ക്കുമെന്ന് നിലമ്പൂർ നോർത്ത് ഡിഎഫ്ഒ പി. കാർത്തിക് അറിയിച്ചിരുന്നു. ഇതു സംബന്ധിച്ച് ചീഫ് എലഫന്റ് വാർഡന്റെ നിർദേശം ലഭിക്കുന്ന മുറയ്ക്ക് നടപടികളുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.