അധ്യക്ഷ പദവിയിൽ കടിച്ചുതൂങ്ങാനില്ല: മുഖ്യമന്ത്രി സ്ഥാനം ഉൾപ്പെടെ ആഗ്രഹമില്ലെന്ന് കെ. സുധാകരൻ
Tuesday, January 21, 2025 12:44 PM IST
കണ്ണൂർ: കെപിസിസി അധ്യക്ഷ പദവിയിൽ കടിച്ചുതൂങ്ങാനില്ലെന്ന് കെ. സുധാകരൻ. അധ്യക്ഷപദവി തനിക്ക് അലങ്കാരമല്ല. എഐസിസിക്ക് ആരേയും കെപിസിസി അധ്യക്ഷനാക്കാം. മുഖ്യമന്ത്രി സ്ഥാനം ഉൾപ്പെടെ ആഗ്രഹമില്ലെന്നും കെ. സുധാകരൻ മാധ്യമങ്ങളോടു പ്രതികരിച്ചു.
തന്റെ സ്ഥാനം ജനങ്ങളുടെ മനസിലാണ്. നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആഗ്രഹമില്ല. പാർട്ടി പറഞ്ഞാൽ മത്സരിക്കും. കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവും ഒരുമിച്ചു മാറണമെന്നില്ല. പാർട്ടിയിൽ നേതൃ മാറ്റ ചർച്ചയില്ലെന്നും യുക്തിസഹമായ തീരുമാനം എഐസിസിക്ക് എടുക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, വയനാട് ഡിസിസി ട്രഷറർ എൻ.എം. വിജയന്റെ മരണവുമായി ബന്ധപ്പെട്ട് ചോദ്യംചെയ്യലിന് തനിക്ക് നോട്ടീസ് ലഭിച്ചിട്ടില്ലെന്നും കെ. സുധാകരൻ അറിയിച്ചു. അന്വേഷണവുമായി സഹകരിക്കും. ചോദ്യംചെയ്യലിന് വിളിപ്പിച്ചാല്‍ അതിന് പിന്നില്‍ രാഷ്ട്രീയമെന്ന് പറയേണ്ടിവരും. ബുധനാഴ്ച എന്‍.എം. വിജയന്റെ വീട് സന്ദര്‍ശിക്കുമെന്നും സുധാകരൻ കൂട്ടിച്ചേർത്തു.
തന്റെ സാമ്പത്തിക ബാധ്യത വിശദീകരിച്ച് എൻ.എം. വിജയൻ നേരത്തെ രണ്ടുതവണ സുധാകരന് കത്തയച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ തേടുന്നതിനാണ് പോലീസ് നീക്കം. അതേസമയം, എന്ന് ചോദ്യം ചെയ്യുമെന്നതിനെ കുറിച്ച് വൈകാതെ തീരുമാനമെടുക്കും.