ലോകാരോഗ്യസംഘടനയില്‍നിന്ന് അമേരിക്ക പിന്മാറും; അതിപ്രധാന ഉത്തരവുകളില്‍ ഒപ്പുവച്ച് ട്രംപ്
Tuesday, January 21, 2025 9:50 AM IST
വാഷിംഗ്ടൺ ഡിസി: അമേരിക്കൻ പ്രസിഡന്റായി അധികാരമേറ്റതിന് പിന്നാലെ അതിപ്രധാന ഉത്തരവുകളില്‍ ഒപ്പുവച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ലോകാരോഗ്യസംഘടനയില്‍നിന്ന് അമേരിക്ക പിന്മാറും. സംഘടനയ്ക്ക് ഇനി മുതൽ സാന്പത്തിക സഹായം നൽകില്ല.
കോവിഡിനെയും മറ്റു ആരോഗ്യ പ്രതിസന്ധികളെയും ലോകാരോഗ്യസംഘടന തെറ്റായി കൈകാര്യം ചെയ്തുവെന്ന് ചൂണ്ടിക്കാട്ടിയാണ് നീക്കം. കാലാവസ്ഥാ സംരക്ഷണത്തിനുള്ള പാരിസ് കരാറിൽനിന്നും അമേരിക്ക പിന്മാറും.
സ്ത്രീ, പുരുഷൻ എന്നീ രണ്ട് ലിംഗങ്ങളെ മാത്രമേ യുഎസ് സർക്കാർ അംഗീകരിക്കൂവെന്നും ട്രംപ് വ്യക്തമാക്കി. ഇതോടെ ട്രാൻസ്ജെൻഡർ വ്യക്തികൾ രേഖയ്ക്ക് പുറത്താകും.
2021ൽ ട്രംപിന് വേണ്ടി കലാപം ഉണ്ടാക്കിയ 1600 പേർക്ക് മാപ്പ് നൽകി. ആക്രമണവുമായി ബന്ധപ്പെട്ട എല്ലാ കേസുകളും ഉപേക്ഷിക്കാൻ നീതിന്യായ വകുപ്പിന് നിർദേശം നൽകിയിട്ടുണ്ട്.
മെക്സിക്കോ അതിർത്തിയിലെ അനധികൃത കുടിയേറ്റം ദേശീയ അടിയന്തരാവസ്ഥയായി പ്രഖ്യാപിക്കുകയും ക്രിമിനൽ സംഘങ്ങളെ തീവ്രവാദ സംഘടനകളായി പ്രഖ്യാപിക്കുകയും ചെയ്തു. യുഎസിൽ ജനിച്ച ആർക്കും പൗരത്വം നൽകുന്ന ജന്മാവകാശ പൗരത്വം സംബന്ധിച്ച ഉത്തരവിലും ട്രംപ് ഒപ്പുവച്ചു.
ഊർജ്ജ അടിയന്തരാവസ്ഥാ പ്രഖ്യാപനമാണ് മറ്റൊന്ന്. എണ്ണ ഖനനം ചെയ്യാനായി ആർട്ടിക് തുറക്കുമെന്നും ആഭ്യന്തര ഊർജ ഉൽപ്പാദനം പ്രോത്സാഹിപ്പിക്കുമെന്നും ട്രംപ് പറഞ്ഞു.