കാസർഗോട്ട് ഒമ്പതാം ക്ലാസുകാരന് സീനിയർ വിദ്യാർഥികളുടെ മർദനം
Sunday, January 19, 2025 1:12 PM IST
കാസർഗോഡ്: ബളാംതോട് ഹയർസെക്കൻഡറി സ്കൂളിൽ ഒമ്പതാം ക്ലാസുകാരന് സീനിയർ വിദ്യാർഥികളുടെ മർദനം. ഇരിപ്പിടത്തെ ചൊല്ലി വിദ്യാർഥികൾ തമ്മിലുണ്ടായ തർക്കമാണ് അക്രമത്തിൽ കലാശിച്ചത്.
മുഖത്തിന് സാരമായി പരിക്കേറ്റ വിദ്യാർഥി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. ചൊവ്വാഴ്ച ഉച്ചഭക്ഷണത്തിനുശേഷം വിശ്രമിക്കുന്നതിനിടെയാണ് ഇരു ക്ലാസുകളിലെയും വിദ്യാർഥികൾ തമ്മിൽ തർക്കമുണ്ടായത്.
ഒമ്പതാം ക്ലാസ് വിദ്യാർഥിയും സുഹൃത്തും ഇരിക്കുന്ന സ്ഥലത്തെഎത്തി പത്താം ക്ലാസ് വിദ്യാർഥികൾ മാറാൻ ആവശ്യപ്പെട്ടു. ഇതിന് തയാറാക്കാതെ വന്നതോടെ അഞ്ചുപേർ ചേർന്ന് കുട്ടിയെ മർദിക്കുകയായിരുന്നു.
പരിക്കേറ്റ വിദ്യാർഥിയെ ആദ്യം പൂടംങ്കല്ല് താലൂക്ക് ആശുപത്രിയിലും, പിന്നീട് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കുട്ടിയുടെ മുഖത്ത് എല്ലിന് പൊട്ടലുണ്ട്.
സംഭവത്തിൽ പത്താം ക്ലാസ് വിദ്യാർഥികളായ അഞ്ചുപേരെ സ്കൂളിൽനിന്ന് മാറ്റി നിർത്തിയിട്ടുണ്ട്. ചൈൽഡ് ലൈൻ പ്രവർത്തകർ ആശുപത്രിയിലെത്തി കുട്ടിയുടെ മൊഴിയെടുത്തു.