ഗാസയിൽ ഇനി സമാധാനം; വെടിനിർത്തൽ ഇന്നു രാവിലെ മുതൽ
Sunday, January 19, 2025 6:19 AM IST
ജറുസലം: ഇസ്രായേൽ ഹമാസ് യുദ്ധത്തിന് ഇന്ന് അന്ത്യം കുറിക്കും. 15 മാസം പിന്നിട്ട യുദ്ധത്തിന് അന്ത്യം കുറിച്ച് പ്രാദേശികസമയം രാവിലെ 8.30ന് (ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12) വെടിനിർത്തൽ പ്രാബല്യത്തിൽ വരുമെന്ന് മധ്യസ്ഥരായ ഖത്തർ അറിയിച്ചു.
തടവുകാരുടെയും ബന്ദികളുടെയും കൈമാറ്റം വൈകുന്നേരം നാലിന് ആരംഭിക്കുമെന്ന് ഇസ്രായേൽ വ്യക്തമാക്കി. മൂന്നു ഘട്ടമായി വിഭാവനം ചെയ്യുന്ന കരാറിന്റെ ആദ്യഘട്ടം 42 ദിവസമാണ്. ഈ കാലയളവിൽ 33 ബന്ദികളെ ഹമാസ് വിട്ടയയ്ക്കും. പകരം 1900 പലസ്തീൻ തടവുകാരെ ഇസ്രായേൽ മോചിപ്പിക്കും.
ഇസ്രായേലിന്റെ തടവിലുള്ള എല്ലാ സ്ത്രീകളെയും കുട്ടികളെയും ആദ്യഘട്ടത്തിൽ വിട്ടയയ്ക്കും. ആദ്യ ദിവസം മൂന്നു സ്ത്രീ ബന്ദികളെയാകും ഹമാസ് മോചിപ്പിക്കുക. ഏഴാം ദിവസം നാലു പേരെയും. തുടർന്നുള്ള അഞ്ച് ആഴ്ചകളിലായി 26 പേരെക്കൂടി വിട്ടയയ്ക്കും. 98 ബന്ദികൾ ഗാസയിലുണ്ടെന്നാണ് കണക്ക്.
ഒന്നാം ഘട്ടം 16 ദിവസം പിന്നിട്ടുകഴിഞ്ഞ് വെടിനിർത്തലിന്റെ രണ്ടാംഘട്ടം ചർച്ച ചെയ്തു തീരുമാനിക്കും. ഹമാസുമായുള്ള കരാറിന് വെള്ളിയാഴ്ചയാണ് ഇസ്രയേലിന്റെ പൂർണ മന്ത്രിസഭ അന്തിമ അംഗീകാരം നൽകിയത്.
അതെ സമയം ഹമാസുമായുള്ള വെടിനിർത്തൽ താത്കാലികമാണെന്നും ആവശ്യമെങ്കിൽ പോരാട്ടം തുടരുമെന്നും ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പറഞ്ഞു.