ഹണി റോസിനെതിരെയുളള പരാമർശം; രാഹുൽ ഈശ്വറിനെതിരെ കേസെടുത്ത് യുവജന കമ്മീഷൻ
Friday, January 17, 2025 3:26 PM IST
കൊച്ചി: നടി ഹണി റോസിനെതിരെയുളള അധിക്ഷേപ പരാമർശത്തിൽ രാഹുൽ ഈശ്വറിനെതിരെ കേസെടുത്ത് യുവജന കമ്മീഷൻ. ദിശ എന്ന സംഘടന നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.
സ്ത്രീത്വത്തെ നിരന്തരമായി വാർത്താ ചാനലുകളിലൂടെ അപമാനിക്കുകയും സ്ത്രീവിരുദ്ധ പരാമർശങ്ങൾ പ്രചരിപ്പിക്കുന്നതായും ചൂണ്ടിക്കാട്ടിയായിരുന്നു പരാതി. അതിജീവിതകളെ ചാനൽ ചർച്ചയിൽ അപമാനിക്കുന്ന പാനലിസ്റ്റുകളെ ചർച്ചയിൽ പങ്കെടുപ്പിക്കരുതെന്ന് സംസ്ഥാന യുവജന കമ്മീഷൻ അധ്യക്ഷൻ എം.ഷാജർ പറഞ്ഞു.
ബോബി ചെമ്മണ്ണൂരിനെതിരെ പരാതി നൽകിയതിന് പിന്നാലെ ചാനൽ ചർച്ചയിൽ നടി ഹണി റോസിന്റെ വസ്ത്രധാരണത്തെ വിമർശിച്ച് കൊണ്ട് രാഹുൽ ഈശ്വർ രംഗത്തെത്തിയിരുന്നു. ഫേസ്ബുക്ക് പേജിലൂടെയും രാഹുൽ ഈശ്വർ വിമർശനങ്ങൾ ഉയർത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് രാഹുലിനെതിരേ പരാതി നൽകിയത്.