ബോബി ചെമ്മണ്ണൂർ നിരുപാധികം മാപ്പ് പറയണമെന്ന് ഹൈക്കോടതി
Wednesday, January 15, 2025 1:06 PM IST
കൊച്ചി: നടി ഹണി റോസിന്റെ ലൈംഗിക അധിക്ഷേപ പരാതിയിൽ വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ വീണ്ടും കടുപ്പിച്ച് ഹൈക്കോടതി. ബോബി നിരുപാധികം മാപ്പ് പറയണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. ജസ്റ്റീസ് പി.വി. കുഞ്ഞികൃഷ്ണന്റെ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
ജാമ്യം ലഭിച്ചിട്ടും എന്തുകൊണ്ട് ചൊവ്വാഴ്ച പുറത്തിറങ്ങിയില്ലെന്നതിന് കൃത്യമായ മറുപടി വേണമെന്നും ഹൈക്കോടതി പറഞ്ഞു. ബോബി ചെമ്മണ്ണൂർ മുതിർന്ന അഭിഭാഷകനെ പോലും അപമാനിക്കുകയാണെന്ന് പറഞ്ഞ കോടതി ബോബി നിയമത്തിനു മുകളിലാണോ എന്നും ചോദിച്ചു. ബോബി ചെമ്മണ്ണൂർ പുറത്തിറങ്ങാത്തതിൽ ഒരു തരത്തിലും ഉള്ള ന്യായീകരണവും ഇല്ല.
സീനിയർ കൗൺസിൽ രാമൻ പിള്ള കോടതിയിലേക്ക് വരേണ്ടതില്ല. ബോബി ചെമ്മണ്ണൂർ ജയിലിൽ നിന്ന് പുറത്ത് ഇറങ്ങിയതിനുശേഷം മാപ്പ് പറയുക ആണോ ചെയ്തത് എന്ന് സർക്കാർ അഭിഭാഷകർ പരിശോധിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. അതോ റിമാൻഡ് പ്രതികൾക്ക് വേണ്ടിയാണ് താൻ അകത്ത് തുടർന്നത് എന്ന് പറഞ്ഞോ എന്നും പരിശോധിക്കണമെന്നും ഹൈക്കോടതി പറഞ്ഞു.
ഇന്ന് 1.45ന് കേസ് വീണ്ടും പരിഗണിക്കുമെന്നും ഹൈക്കോടതി അറിയിച്ചു. നേരത്തെ, വേണ്ടി വന്നാൽ ബോബി ചെമ്മണ്ണൂരിന്റെ ജാമ്യം റദ്ദാക്കുമെന്നും ഹൈക്കോടതി പറഞ്ഞിരുന്നു.