പത്തനംതിട്ട പീഡനക്കേസ്: രണ്ട് പേർ കൂടി അറസ്റ്റിൽ
Wednesday, January 15, 2025 11:14 AM IST
പത്തനംതിട്ട: പതിനെട്ടുകാരിയെ നിരന്തരം ലൈംഗിക പീഡനത്തിനു വിധേയമാക്കിയ കേസിൽ രണ്ട് പേർ കൂടി അറസ്റ്റിൽ. അതിജീവിതയുടെ നാട്ടുകാരനും സഹപാഠിയുമാണ് പിടിയിലായത്. കേസിൽ ഇതുവരെ 46 പേരാണ് അറസ്റ്റിലായത്.
58 പേരാണ് കേസിൽ കുറ്റാരോപിത പട്ടികയിലുള്ളത്. മറ്റുള്ളവരെക്കൂടി ഉടൻ പിടികൂടാനുള്ള ശ്രമത്തിലാണ് പോലീസ്.
ഇതിനിടെ പീഡനത്തിനിരയായ പെൺകുട്ടിയുടെ രഹസ്യമൊഴി ചൊവ്വാഴ്ച റാന്നി ജുഡീഷൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി രേഖപ്പെടുത്തി. കഴിഞ്ഞദിവസം പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്താൻ കോടതിയിലെത്തിച്ചെങ്കിലും ശാരീരിക അസ്വസ്ഥതകൾ കാരണം പൂർണമായിരുന്നില്ല. തുടർന്ന് ചൊവ്വാഴ്ച മൊഴി രേഖപ്പെടുത്തിയത്.
കോന്നിയിൽ ശിശുക്ഷേമ സമിതിയുടെ അഭയകേന്ദ്രത്തിൽ പാർപ്പിച്ചിരിക്കുന്ന പെൺകുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അന്വേഷണച്ചുമതലയുള്ള ഡിഐജി അജിതാ ബീഗം പറഞ്ഞിരുന്നു.
പെൺകുട്ടിയുടെ മൊഴി അനുസരിച്ച് നാല് പോലീസ് സ്റ്റേഷനുകളിലായി 29 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.