ഉച്ചയ്ക്ക് 12 ന് മുന്‍പ് വിശദീകരണം നൽകണം, വേണ്ടി വന്നാല്‍ ജാമ്യം റദ്ദാക്കും; ബോബി ചെമ്മണ്ണൂരിനോട് ഹൈക്കോടതി
Wednesday, January 15, 2025 10:37 AM IST
കൊച്ചി: ലൈംഗിക അധിക്ഷേപ കേസില്‍ ബോബി ചെമ്മണ്ണൂരിനെതിരേ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി. ബോബി ചെമ്മണ്ണൂരിന് പുറത്തിറങ്ങാനുള്ള ജാമ്യ ഉത്തരവ് ചൊവ്വാഴ്ച തന്നെ പുറത്തിറങ്ങിയതാണെന്നും ചുമ്മാ നാടകം കളിക്കരുതെന്നും കോടതി പറഞ്ഞു.
ജസ്റ്റീസ് പി.വി.കുഞ്ഞികൃഷ്ണനാണ് ജാമ്യഹര്‍ജി ഇന്ന് വീണ്ടും പരിഗണിച്ചത്. വേണ്ടി വന്നാല്‍ ജാമ്യം റദ്ദാക്കും. കോടതിയെ മുന്നില്‍ നിര്‍ത്തി കളിക്കാന്‍ ശ്രമിക്കരുത്.
ചൊവ്വാഴ്ച എന്തുകൊണ്ട് പുറത്തിറങ്ങിയില്ലെന്ന് ഉച്ചയ്ക്ക് 12ന് മുമ്പ് വിശദീകരണം നല്‍കണം. അല്ലാത്ത പക്ഷം ജാമ്യം റദ്ദാക്കുമെന്ന് കോടതി മുന്നറിയിപ്പ് നല്കി. നിയമത്തിനും മുകളിലാണോയെന്ന തോന്നലുണ്ടോയെന്നും കോടതി ചോദിച്ചു.
മറ്റ് തടവുകാരുടെ വക്കാലത്ത് ബോബി എടുക്കേണ്ട. കഥ മെനയാന്‍ ശ്രമിക്കുകയാണോയെന്നും കോടതി ചോദിച്ചു. ബോബിക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകനെപ്പോലും അപമാനിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്നും കോടതി വ്യക്തമാക്കി.
മാധ്യമശ്രദ്ധയ്ക്ക് വേണ്ടിയാണ് എല്ലാം ചെയ്യുന്നതെന്ന് അറിയാം.അന്വേഷണ ഉദ്യോഗസ്ഥരോട് രണ്ടാഴ്ചയ്ക്കകം കുറ്റപത്രം സമര്‍പ്പിച്ച് ഒരു മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കാന്‍ ഉത്തരവിടാന്‍ കഴിയുമെന്നും കോടതി പറഞ്ഞു.