ജാമ്യഹർജി തള്ളി; ബോചെ അഴിക്കുള്ളിലേക്ക്
Thursday, January 9, 2025 4:49 PM IST
കൊച്ചി: നടി ഹണി റോസിനെതിരായ ലൈംഗികാധിക്ഷേപ കേസിൽ അറസ്റ്റിലായ ബോബി ചെമ്മണ്ണൂരിന്റെ ജാമ്യഹർജി തള്ളി. എറണാകുളം ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ബോബി ചെമ്മണൂരിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
ബുധനാഴ്ച രാവിലെ പത്തരയോടെയാണ് വയനാട് മേപ്പാടിയിലെ റിസോർട്ട് വളപ്പിൽ വെച്ച് ബോബി ചെമ്മണ്ണൂരിനെ അന്വേഷണസംഘം കസ്റ്റഡിയിലെടുത്തത്. തനിക്കെതിരെ ഉയർന്നുവന്നത് വ്യാജ ആരോപണങ്ങളെന്ന വാദമാണു ബോബി ഉയർത്തിയത്.
നടിയുടെ ശരീരത്തിൽ സ്പർശിച്ചു എന്നുപറയുന്നത് തെറ്റാണ്. സമൂഹമാധ്യമങ്ങളിലും വാർത്തകളിലും നിറഞ്ഞു നിൽക്കുന്നയാളാണ് പരാതിക്കാരി. അതുകൊണ്ടു തന്നെ ജ്വല്ലറിയുടെ പബ്ലിസിറ്റിക്കു വേണ്ടിയാണു നടിയെ കൊണ്ടുവന്നതെന്നും ബോബി ചെമ്മണ്ണൂരിന്റെ അഭിഭാഷകൻ വാദിച്ചു.
പ്രതി നടിയെ നിരന്തരമായി അവഹേളിക്കുന്ന സമീപനമാണു തുടരുന്നത്. ബോബിയുടെ ഫോൺ പരിശോധിക്കണം. പരാതിക്കാരിയെ നിരന്തരമായി ലൈംഗികാധിക്ഷേപം നടത്തുന്നതിന്റെ തെളിവുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.