അന്‍വറിന്റെ യുഡിഎഫ് പ്രവേശനം വൈകും
സ്വന്തം ലേഖകന്‍
Thursday, January 9, 2025 4:21 PM IST
കോഴിക്കോട്: നിലമ്പൂര്‍ എംഎല്‍എ പി.വി.അന്‍വറിന്റെ യുഡിഎഫ് പ്രവേശനം നീളാന്‍ സാധ്യത. ഇക്കാര്യത്തില്‍ തിരക്കിട്ട് തീരുമാനം വേണ്ടെന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്. ഇന്ന് തിരുവനന്തപുരത്ത് ചേരുന്ന കെപിസിസി ഭാരവാഹി യോഗം അന്‍വറിന്റെ വിഷയം ചര്‍ച്ച ചെയ്തേക്കും.
രാഹുല്‍ ഗാന്ധിക്കെതിരേ അന്‍വര്‍ നടത്തിയ പരാമര്‍ശത്തിലും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരായി നടത്തിയ അഴിമതി ആരോപണത്തിലും തിരുത്ത് വേണമെന്നാണ് കോണ്‍ഗ്രസ് നിലപാട്. ഇതിനുശേഷം മതി തീരുമാനമെന്ന് ഒരു വിഭാഗം നേതാക്കള്‍ കെപിസിസിയെ അറിയിച്ചിട്ടുണ്ട്.
അന്‍വറിനെ മുന്നണിയില്‍ എടുക്കുന്നതില്‍ വ്യക്തിപരമായി എതിര്‍പ്പില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന് കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. അന്‍വര്‍ നല്ല സുഹൃത്തും രാഷ്ട്രീയ പ്രവര്‍ത്തകനുമാണെന്നാണ് സുധാകരന് പറഞ്ഞത്.
അന്‍വര്‍ ഉയര്‍ത്തിയ രാഷ്ട്രീയ പ്രശ്നങ്ങളില്‍ യോജിപ്പുണ്ടെങ്കിലും മുന്നണി പ്രവേശനകാര്യം പാര്‍ട്ടി ഇതുവരെ ചര്‍ച്ച ചെയ്തിട്ടില്ലെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചിരുന്നു. ഫോറസ്റ്റ് ഓഫീസിലെ ആക്രമണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായശേഷം ജയിലില്‍ നിന്നിറങ്ങിയ അന്‍വര്‍ താന്‍ യുഡിഎഫിന് ഒപ്പമെന്നാണ് ആദ്യം പ്രഖ്യാപിച്ചത്. ഇത് ആശയകുഴപ്പത്തിന് ഇടയാക്കിയിരുന്നു.
മുസ്ലിം ലീഗ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ച, സതീശന്റെ മയപ്പെടുത്തിയുള്ള പ്രതികരണം ഇതെല്ലാം അന്‍വര്‍ വേഗത്തില്‍ യുഡിഎഫില്‍ എത്തുമെന്ന പ്രതീതി ജനിപ്പിച്ചിരുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ കോണ്‍ഗ്രസില്‍ ഏകാഭിപ്രായം ഉരുത്തിരിഞ്ഞിട്ടില്ല. കെപിസിസി ഭാരവാഹി യോഗത്തിലും നിര്‍വഹക സമിതി യോഗത്തിലും ചര്‍ച്ച ചെയ്തശേഷം മതി തീരുമാനമെന്ന് ഒരു വിഭാഗം നേതാക്കള്‍ നിലപാട് എടുത്തിട്ടുണ്ട്.
അന്‍വര്‍ യുഡിഎഫിലേക്ക് വരുന്നതിനോട് ആര്യാടന് ഷൗക്കത്ത് അടക്കം മലപ്പുറം ജില്ലയിലെ നേതാക്കള്‍ക്ക് എതിര്‍പ്പുണ്ട്. അവരുടെ വികാരം പരിഗണിക്കാതെ മുന്നണിയില്‍ എടുത്താല്‍ പാര്ട്ടിയിലുണ്ടാവുന്ന അനുരണനങ്ങളും കോണ്‍ഗ്രസ് ചര്‍ച്ച ചെയ്യുന്നുണ്ട്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെ നേരില്‍ കാണാന്‍ അന്‍വര്‍ താത്പര്യം അറിയിച്ചിട്ടുണ്ട്.
അന്‍വര്‍ വിഷയത്തില്‍ എടുക്കുന്ന ഏതു തീരുമാനത്തിനും ഒപ്പം നില്‍ക്കുമെന്ന് മുസ്ലിം ലീഗ് നേതൃത്വം കോണ്‍ഗ്രസിനെ അറിയിച്ചിട്ടുണ്ട്. ഈ വിഷയത്തില്‍ മുന്നണയില്‍ ഭിന്നസ്വരം ഉയരുന്നതിനോടു ലീഗിനു താത്പര്യമില്ല. മുന്നണിയിലെ ഘടകകക്ഷികള്‍ തമ്മിലുള്ള ബന്ധത്തെ ബാധിക്കുന്ന തരത്തിലുള്ള നിലപാട് വേണ്ടെന്നാണ് ലീഗ് സ്വീകരിച്ചിട്ടുള്ളത്.