ചോദ്യപേപ്പര്‍ ചോർച്ച; ഷുഹൈബിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി
Thursday, January 9, 2025 3:28 PM IST
കോഴിക്കോട്: ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ എംഎസ് സൊല്യൂഷന്‍സ് സിഇഒ ഷുഹൈബിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി. കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതിയുടേതാണ് നടപടി. ഇതോടെ ഇയാളെ ഉടൻ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനാണ് പോലീസിന്റെ നീക്കം.
ഷുഹൈബ് വിദ്യാഭ്യാസ വകുപ്പ് ജീവനക്കാരുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തി ചോദ്യപേപ്പര്‍ ചോര്‍ത്തിയെന്ന് പ്രോസിക്യൂഷന് കോടതിയിൽ പറഞ്ഞു. പ്രതിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു.
എന്നാൽ മറ്റൊരു ഓൺലൈൻ സ്ഥാപനത്തിലെ അധ്യാപകന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ മാത്രമാണ് തനിക്കെതിരേ കേസെടുത്തതെന്നും അതിന് കസ്റ്റഡി ആവശ്യമില്ലെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം. ഏത് അന്വേഷണത്തോടും സഹകരിക്കാമെന്നും ജാമ്യം നൽകണമെന്നും പ്രതിഭാഗം കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.
അതേസമയം ജാമ്യാപേക്ഷ കോടതി തള്ളിയതോടെ ഹൈക്കോടതിയെ സമീപിക്കാനാണ് ഷുഹൈബിന്റെ നീക്കം.