ഒന്നര വർഷം നീണ്ട മോഷണ പരമ്പര; ചുമടുതാങ്ങി തിരുട്ടു സംഘം പിടിയിൽ
Wednesday, January 8, 2025 7:01 AM IST
പത്തനംതിട്ട: ഒന്നര വർഷമായി മോഷണ പരമ്പര നടത്തിവന്നിരുന്ന യുവാക്കൾ പിടിയിൽ. കടമ്പനാട് കല്ലുകുഴി സ്വദേശി ബിജീഷ്, കൊല്ലം നെടിയവിള സ്വദേശി ആദിത്യൻ, പോരുവഴി സ്വദേശി നിഖിൽ എന്നിവരാണ് പിടിയിലായത്.
ചുമടുതാങ്ങി തിരുട്ടു സംഘം എന്നറിയപ്പെടുന്നവരിൽ മൂന്നു പേരാണ് പിടിയിലായത്. ഇവർക്കെതിരേ നിരവധി കേസുകൾ ഉണ്ടെങ്കിലും ഇതുവരേ പിടികൂടാൻ സാധിച്ചിരുന്നില്ല.
പരാതി നൽകുന്നവരുടെ വീടുകളിൽ അന്ന് രാത്രി തന്നെ കയറി മോഷണം നടത്തുന്നതാണ് ഇവരുടെ രീതി. മോഷണത്തിന് തടസം നിൽക്കുന്നവരെ ഇവർ മാരകമായി ആക്രമിച്ച് രക്ഷപ്പെടും.
ഡിസംബർ നാലിന് രാത്രി കുരമ്പാല സ്വദേശിയുടെ വീട്ടിൽ നിന്ന് സ്കൂട്ടറും റബ്ബർ ഷീറ്റുകളും സംഘം മോഷ്ടിച്ചിരുന്നു. അന്ന് തന്നെ കേസ് എടുത്ത് പന്തളം പോലീസ് അന്വേഷണം തുടങ്ങി.
സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ മോഷ്ടിച്ച വാഹനം കടമ്പനാട് എത്തിച്ചതായി പോസിന് വ്യക്തമായി. കേസിലെ മൂന്നാം പ്രതിയായ നിഖിലിനെയാണ് ആദ്യം പിടികൂടിയത്. തുടർന്ന് നടത്തിയ ചടുലമായ നീക്കത്തിലൂടെയാണ് മറ്റ് രണ്ട് പേരും കസ്റ്റഡിയിലായത്.
കടമ്പനാട് കല്ലുകുഴിക്ക് സമീപം ചുമടുതാങ്ങി മേഖലയിൽ ഏറെക്കാലം സംഘം ഭീതി വിതച്ചിരുന്നു. അങ്ങനെയാണ് നാട്ടുകാർ ഇവർക്ക് ചുമടുതാങ്ങി തിരുട്ടു സംഘം എന്ന് പേരു നൽകിയത്.