അമേരിക്കൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഇന്ന് ഇന്ത്യയിലെത്തും
Sunday, January 5, 2025 3:21 AM IST
ന്യൂഡൽഹി: പ്രസിഡന്റ് ജോ ബൈഡൻ സ്ഥാനമൊഴിയുന്നതിന് മുന്നോടിയായി നിർണായ ചർച്ചകൾക്കായി അമേരിക്കൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവൻ ഇന്ന് ഇന്ത്യയിലെത്തും. വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ, സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ തുടങ്ങിയവരുമായാകും അദ്ദേഹം ചർച്ച നടത്തും.
ഉഭയകക്ഷി, പ്രാദേശിക, ആഗോള പ്രശ്നങ്ങളിൽ വിപുലമായ ചർച്ചകൾ രണ്ടു ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി ഉണ്ടാകും. ഇന്ത്യ - അമേരിക്ക നയതന്ത്ര ബന്ധം കൂടുതൽ മെച്ചപ്പെടുത്താൻ സള്ളിവന്റെ സന്ദർശനത്തിന് സാധിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. സള്ളിവന്റെ നേതൃത്വത്തിലുള്ള യുഎസ് പ്രതിനിധി സംഘത്തിൽ മറ്റ് സർക്കാർ വകുപ്പുകളിൽ നിന്നുള്ള അംഗങ്ങളും ഉണ്ട്.
നിർണായക സാങ്കേതിക വിദ്യകളിൽ യുഎസ് - ഇന്ത്യ ഇനിഷ്യേറ്റീവ് ചർച്ചകൾക്കായാണ് സംഘം ഇന്ത്യ സന്ദർശിക്കുന്നത്. സാങ്കേതിക വിദ്യകളുടെ വികസനത്തിന് വേണ്ടി ഇന്ത്യയും അമേരിക്കയും ചേർന്ന് 2023 ജനുവരിയിൽ വാഷിംഗ്ടണിൽ ആരംഭിച്ച ചർച്ചകളുടെ മൂന്നാം പതിപ്പാണിത്.