സുകൂമാരൻ നായർ പറയുന്നത് മന്നത്തിന്റെ അഭിപ്രായമല്ല; സുകുമാരൻ നായരെപ്പോലെയുള്ളവർ നൂറ് വർഷം പിന്നിൽ: സ്വാമി സച്ചിദാനന്ദ
Thursday, January 2, 2025 6:22 PM IST
തിരുവനന്തപുരം: സുകൂമാരൻ നായർ പറയുന്നത് മന്നത്തിന്റെ അഭിപ്രായമല്ലെന്ന് സ്വാമി സച്ചിദാനന്ദ. ഷർട്ട് ധരിച്ച് ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിനെകുറിച്ച് മന്നം പറഞ്ഞിട്ടില്ല. അപ്പോൾ സുകുമാരൻ നായർ പറയുന്നത് സാമൂഹിക പരിഷ്കർത്താക്കൾ പറഞ്ഞ വാക്കുകൾ അല്ലെന്നും അദ്ദേഹം പറഞ്ഞു.
ഷർട്ട് ധരിച്ച് ക്ഷേത്രത്തിൽ കയറണോ എന്നത് ആളുകൾക്ക് വിട്ടുകൊടുക്കുക. ഗുരുവിന്റെ അനുയായി എന്ന നിലയിൽ അഭിപ്രായം പറയാൻ തനിക്ക് സ്വാതന്ത്ര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേരള സമൂഹത്തിൽ ഒന്നാകെ ഇനിയും മാറ്റങ്ങൾ സംഭവിക്കേണ്ടതായിട്ടുണ്ട്. നൂറ് വർഷം മുമ്പ് ശ്രീനാരായണ ഗുരു പറഞ്ഞു നമുക്ക് കരിയും കരിമരുന്നും വേണ്ടെന്ന്. ഇത് ഇപ്പോൾ കോടതിയും അംഗീകരിച്ചു.
എന്നാൽ സുകുമാരൻ നായരെപ്പോലെയുള്ളവർ ഇത് അംഗീകരിക്കുന്നില്ല. അവർ നൂറ് വർഷം പിന്നിലാണെന്നും സ്വാമി പറഞ്ഞു. ഗുരുവായൂർ ക്ഷേത്രത്തിൽ കയറാൻ യേശുദാസ് കാത്തു നിൽക്കുകയാണ്. യേശുദാസിനെ പോലൊരു സാത്വികന് പ്രവേശനം നൽകിയില്ലെങ്കിൽ പിന്നെ ആർക്കു നൽകാനാണെന്നും അദ്ദേഹം ചോദിച്ചു.
ക്ഷേത്രങ്ങളിൽ ഷർട്ട് ഊരുന്നതിനെതിരായ മുഖ്യമന്ത്രിയുടെ പരാമർശം തെറ്റാണെന്ന് സുകുമാരൻ നായർ പറഞ്ഞിരുന്നു. കാലങ്ങളായി നിലനിന്ന് പോകുന്ന ആചാരങ്ങൾ മാറ്റണമെന്ന് എന്തിനു പറയുന്നു. ശബരിമലയിൽ ഷർട്ട് ധരിച്ചുകൊണ്ടാണ് ദർശനം നടത്തുന്നത്. ഓരോ ക്ഷേത്രങ്ങൾക്കും ഓരോ വിശ്വാസങ്ങളുണ്ട്. ഇത്തരം കാര്യങ്ങളെ മുഖ്യമന്ത്രി പിന്തുണയ്ക്കാൻ പാടില്ലായിരുന്നുവെന്നും സുകുമാരൻ നായർ പറഞ്ഞു.