മുനമ്പം; തർക്ക ഭൂമിയുടെ ഉടമകളെ കണ്ടെത്തണമെന്ന് ട്രൈബ്യൂണൽ
Friday, December 27, 2024 11:33 PM IST
കോഴിക്കോട്: മുനമ്പത്തെ വഖഫ് പ്രശ്നത്തിൽ നിർണായക ഇടപെടലുമായി ട്രൈബ്യൂണൽ. തർക്ക ഭൂമിയുടെ യഥാർത്ഥ ഉടമകളെ കണ്ടെത്തണമെന്ന് വഖഫ് ട്രൈബ്യൂണൽ നിർദേശം നൽകി.
തിരുവിതാംകൂർ രാജാവ് സേഠ് കുടുംബത്തിന് പാട്ടമായാണോ ഭൂമി നൽകിയതെന്ന് ചോദിച്ച ട്രൈബ്യൂണൽ പാട്ട കരാറാണെങ്കിൽ വഖഫ് ആധാരം നിലനിൽക്കില്ലെന്നും നിരീക്ഷിച്ചു. വടക്കൻ പറവൂർ സബ് കോടതി മുതൽ ഹൈക്കോടതിയിൽ വരെ പതിറ്റാണ്ടുകളായി തുടരുന്ന ഭൂപ്രശ്നത്തിലാണ് ട്രൈബ്യൂണലിന്റെ സുപ്രധാന നിരീക്ഷണം.
1902ൽ സേഠ് കുടുംബത്തിന് തിരുവിതാംകൂർ രാജാവ് ഭൂമി കൈമാറിയത് പാട്ടകരാർ പ്രകാരമാണെങ്കിൽ വഖഫ് രജിസ്ട്രേഷൻ നിലനിൽക്കുമോയെന്ന് ട്രൈബ്യൂണൽ ചോദിച്ചു. ഭൂമി വഖഫ് തന്നെയെന്നും എല്ലാ രേഖകളും കൈവശമുണ്ടെന്നും സേഠ് കുടുംബം കോടതിയിൽ വാദിച്ചു.
സേഠ് കുടുംബം ഭൂമി ഇഷ്ടദാനം നൽകിയതാണെന്ന് ഫറൂഖ് കോളജും ആവർത്തിച്ചു. ഭൂമിയിൽ നേരിട്ട് ഉടമസ്ഥത ഇല്ലാത്ത വഖഫ് സംരക്ഷണ സമിതി കേസിൽ കക്ഷി ചേരുന്നതിനെയും ഫറൂഖ് കോളജ് എതിർത്തു.